സർവകലാശാല ചാൻസലർ – സിൻഡിക്കേറ്റ് അധികാര തർക്കത്തിൽ സുപ്രധാന ഉത്തരവുമായി ഹൈക്കോടതി. അപ്പീൽ അധികാരി എന്ന നിലയിൽ സർവകലാശാല ചാൻസലർ പുറപ്പെടുവിക്കുന്ന ഉത്തരവുകളെ നിയമപരമായി ചോദ്യം ചെയ്യാൻ സിൻഡിക്കേറ്റിന് അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി. കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് പുറത്താക്കിയ ഇൻസ്ട്രമെന്റേഷൻ എഞ്ചിനീയറെ തിരിച്ചെടുത്ത ചാൻസലറുടെ നടപടി ചോദ്യംചെയ്ത് രണ്ട് സിൻഡിക്കേറ്റ് അംഗങ്ങളുടെ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.
ഒരു സ്ഥാപനത്തിലെ ആഭ്യന്തര ഭരണസമിതിക്ക് അതിന്റെ തന്നെ അപ്പീൽ തലവനെതിരെ കോടതിയെ സമീപിക്കാൻ കഴിയില്ലെന്നും, അത് സ്ഥാപനത്തിൻ്റെ അധികാര ശ്രേണിയെയും അച്ചടക്കത്തെയും ബാധിക്കുമെന്നും ജസ്റ്റിസ് സിയാദ് റഹ്മാൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടി. അതേസമയം, ക്രമക്കേട് നടന്നെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിനാൽ സർക്കാരും സർവകലാശാലയും കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
