യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ തമിഴ് നാട് മുഖ്യമന്ത്രി ജോസഫ് വിജയ് തിരുവനന്തപുരത്തെത്തും. തിങ്കളാഴ്ച രാവിലെ 9 മണിയോടെ എത്തുന്ന വിജയ്, ചടങ്ങിൽ പങ്കെടുത്ത ശേഷം രാവിലെ 11 മണിയോടെ മടങ്ങും.
സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖ നേതാക്കളും എത്തും. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്തർ സിംഗ് സുഖു, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും ചടങ്ങിൽ പങ്കെടുക്കും. സത്യപ്രതിജ്ഞാ ചടങ്ങിനായി സെൻട്രൽ സ്റ്റേഡിയത്തിൽ ചടങ്ങിനായി വിപുലമായ ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്. പതിനായിരത്തോളം പേർക്ക് ഇരിക്കാനാകുന്ന രീതിയിലാണ് പന്തൽ സജ്ജമാക്കുന്നത്. ഒരു ലക്ഷത്തോളം പേർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.ചടങ്ങിനോട് അനുബന്ധിച്ച് തലസ്ഥാനത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തും. പാസ് കൈവശമുള്ളവർക്ക് മാത്രമേ ചടങ്ങിലേക്ക് പ്രവേശനം അനുവദിക്കൂ.
സത്യപ്രതിജ്ഞാ ചടങ്ങ് പൊതുജനങ്ങൾക്ക് തത്സമയം കാണുന്നതിനായിനിശാഗന്ധി ഉൾപ്പെടെ നഗരത്തിന്റെ വിവിധയിടങ്ങളിൽ വലിയ സ്‌ക്രീനുകളും സ്ഥാപിക്കും. സത്യപ്രതിജ്ഞാച്ചടങ്ങുകൾ പൂർത്തിയായശേഷം മന്ത്രിമാർ ലോക്ഭവനിൽ ഗവർണറുടെ സത്കാരത്തിനായിപ്പോകും.പിന്നീട് മന്ത്രിസഭാ യോഗം ചേർന്ന് നിയമസഭ ചേരുന്നതിനുള്ള ശുപാർശ ഗവർണർക്ക് സമർപ്പിക്കും.മന്ത്രിസഭാ സത്യപ്രതിജ്ഞ – മേയ് 18, എം.എൽ.എ.മാരുടെ സത്യപ്രതിജ്ഞ – മേയ് 21, സ്പീക്കർ തിരഞ്ഞെടുപ്പ് – മേയ് 22, ഗവർണറുടെ നയപ്രഖ്യാപനം – മേയ് 29, സംസ്ഥാന ബജറ്റ് – ജൂൺ അഞ്ച് എന്നിങ്ങനെയാണ് ക്രമീകരണം.
