തിരുവനന്തപുരം നെയ്യാറ്റിൻകര വ്ലാത്താങ്കരയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. വ്ലാത്താങ്കര സ്വദേശി അൽമയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് വിഷ്ണു പിന്നീട് പോലീസിൽ കീഴടങ്ങി.
ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം. വീട്ടിനുള്ളിൽ വെട്ടിയും കുത്തിയും ക്രൂരമായി അൽമയെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. സമീപത്തെ ആരാധനാലയത്തിൽ പ്രാർത്ഥന നടക്കുന്നതിനാൽ നിലവിളി ആരും ശ്രദ്ധിച്ചില്ലെന്നാണ് വിവരം.
കൃത്യത്തിനുശേഷം സഹോദരന്റെ വീട്ടിലെത്തി സംഭവം അറിയിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. പൊലീസ് എത്തുമ്പോൾ വീട്ടിലെ കിടപ്പുമുറിയിലാണ് അൽമയുടെ മൃതദേഹം കണ്ടെത്തിയത്.
സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായിരുന്ന അൽമയും പി.എസ്.സി ട്യൂഷൻ സെന്ററിൽ അധ്യാപകനായ വിഷ്ണുവും ഒമ്പത് വർഷം മുമ്പാണ് വിവാഹിതരായത്. ഇരുവരും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്.
സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും സംശയരോഗം കുടുംബകലഹത്തിനും കൊലപാതകത്തിനും കാരണമായെന്നാണ് പ്രാഥമിക നിഗമനം. വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
നെയ്യാറ്റിൻകരയിൽ ഭാര്യയെ കുത്തിക്കൊന്നു; ഭർത്താവ് കീഴടങ്ങി
