തിരുവല്ല എം.സി. റോഡിൽ അപകടങ്ങൾ തുടർക്കഥയാകുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടന്ന വാഹനാപകടങ്ങളിൽ ഒരാൾക്ക് ജീവൻ നഷ്ടമാവുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അമിതവേഗതയും അശ്രദ്ധയുമാണ് അപകടങ്ങൾക്ക് കാരണമെന്നാണ് പ്രദേശവാസികളുടെ ആരോപണം.തിരുവല്ല എം.സി. റോഡിൽ കുറ്റൂരിൽ തിങ്കളാഴ്ച രാവിലെ ആറരയോടെയാണ് തിരുവനന്തപുരം നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ലോറി അപകടത്തിൽപ്പെട്ടത്. സിസിടിവി ദൃശ്യങ്ങളിൽ ലോറി മറ്റൊരു കാറിൽ ഇടിച്ച ശേഷം റോഡരികിലെ കെട്ടിടത്തിലേക്ക് പാഞ്ഞുകയറുന്നതായി വ്യക്തമാണ്. അപകടത്തിൽ തിരുവനന്തപുരം സ്വദേശികളായ ലോറി ഡ്രൈവർ രാജു സാഗറും സഹായി രാജേഷും പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
അതേ എം.സി. റോഡിൽ കുറ്റൂരിൽ തന്നെയുണ്ടായ മറ്റൊരു അപകടത്തിൽ തെങ്കാശി സ്വദേശിയായ 22 വയസ്സുള്ള അർജുൻ മരിച്ചു. അർജുൻ ഓടിച്ചിരുന്ന മിനി ലോറി എതിർദിശയിൽ വന്ന ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ഞായറാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. ടാങ്കർ ലോറി ഡ്രൈവർ മഹാരാഷ്ട്ര സ്വദേശി വിനായക് പരിക്കുകളോടെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം തിരുവല്ല എം.സി. റോഡ് തുകലശേരിയിൽ തമിഴ്നാട് തീർത്ഥാടക സംഘത്തിന്റെ ബസ് നിയന്ത്രണം തെറ്റി മറിഞ്ഞ് 7 പേർക്ക് പരിക്കേറ്റിരുന്നു. തുടർച്ചയായ അപകടങ്ങൾ പ്രദേശത്ത് വലിയ ആശങ്ക ഉയർത്തിയിരിക്കുകയാണ്. അമിതവേഗതയും സുരക്ഷാ വീഴ്ചകളും അപകടങ്ങൾക്ക് കാരണമാകുന്നതായി നാട്ടുകാർ ആരോപിക്കുന്നു.ഈ വഴിയിലൂടെ യാത്ര ചെയ്യുന്ന കാൽനടയാത്രക്കാരും ഭീതിയോടെയാണ് സഞ്ചരിക്കുന്നത്. അപകടങ്ങൾ തടയാൻ കർശന ഗതാഗത നിയന്ത്രണങ്ങളും സുരക്ഷാ നടപടികളും വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
