സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ അല്ലെന്ന് തെളിയിക്കുന്നതാണ് സംസ്ഥാന ബജറ്റ് എന്ന് പ്രതിപക്ഷം. ധവളപത്രം ഉൾപ്പെടെ രാഷ്ട്രീയ ആക്ഷേപമാണെന്ന് മനസിലായതായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. ബജറ്റിലൂടെ കേരളത്തെ സ്വകാര്യ മേഖലയ്ക്ക് തീറെഴുതാനുള്ള ശ്രമമാണെന്ന് സംശയമുണ്ടെന്നും പ്രതിപക്ഷം വിമർശിച്ചു.
കഴിഞ്ഞ ബജറ്റിൽ അനുവദിച്ചതിനെക്കാൾ 2,000 കോടി അധികമാണ് വി ഡി സതീശന്റെ കന്നി ബജറ്റിൽ അനുവദിച്ചിട്ടുള്ളത്. സംസ്ഥാനം സാമ്പത്തികമായി അപകടാവസ്ഥയിൽ അല്ലെന്ന് തെളിയിക്കുന്നതാണ് ഈ അലോക്കേഷൻ എന്നാണ് പ്രതിപക്ഷത്തിന്റെ വാദം.
നാടിന് ഗുണമുള്ള പല മേഖലയിലും നേരത്തെയുള്ളതിനേക്കാൾ വിഹിതം വെട്ടിക്കുറച്ചെന്നും പ്രതിപക്ഷം തുറന്നടിക്കുന്നു. റബർ, നെല്ല് , നാളികേരം എന്നീ മേഖലകളിൽ ഒരു നടപടിയും ഉണ്ടായിട്ടില്ല. കേന്ദ്രത്തിന്റെ പെരുമാറ്റം കണ്ടില്ലെന്ന് നടിച്ച് മുൻ സർക്കാരിനെ കുറ്റപ്പെടുത്തുന്നുവെന്നും വിമർശനം.
ധവളപത്രം വികസന പ്രവർത്തനങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനുള്ള മുൻകൂർ ജാമ്യമായിരുന്നു. ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒന്നും ബജറ്റിൽ ഇല്ല. കഴിഞ്ഞ സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങളും വികസന പ്രവർത്തനങ്ങളും പൂർണമായി കൈയൊഴിഞ്ഞു എന്നും പ്രതിപക്ഷ വിമർശനം.
സർക്കാരിൻ്റെ അഭിമാന പദ്ധതിയായി പ്രഖ്യാപിച്ച മിഷൻ സമുദ്രക്കും വിമർശനം. കേരളത്തിന്റെ തീരമേഖലയെ സ്വകാര്യമേഖലയ്ക്ക് കീഴടക്കാനുള്ള ശ്രമമെന്നാണ് പ്രതിപക്ഷ ആരോപണം. പല പദ്ധതികളും പ്രഖ്യാപിച്ചത് വ്യക്തമായ രൂപരേഖ നൽകാതെ ആണെന്നും പ്രതിപക്ഷം വിമർശിച്ചു.
