രാജ്യത്തെ ഏറ്റവും വലിയ ട്രേഡിംഗ് ആപ്പ് തട്ടിപ്പ് കേസിൽ അറസ്റ്റിലായ പ്രതികൾക്ക് മറ്റ് സൈബർ കുറ്റകൃത്യങ്ങളിലും പങ്കെന്ന് സംശയം. സൈബർ തട്ടിപ്പിലൂടെ സമാഹരിച്ച കോടികൾ വിവിധ മേഖലകളിൽ നിക്ഷേപിച്ച് കള്ളപ്പണം വെളുപ്പിച്ചെന്നാണ് നിഗമനം. 25 കോടി രൂപയുടെ ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ് കേസിൽ ഹൈദരാബാദിലെ കോടീശ്വരനായ വ്യവസായി സത്യനാരായണ മൂർത്തി, കൂട്ടാളി ടൈസൺ രാജു എന്നിവരാണ് പിടിയിലായത്. അറസ്റ്റിലായ ഹൈദരാബാദ് സ്വദേശികളെ കൊച്ചി സിറ്റി സൈബർ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
രണ്ടാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലാണ് കൊച്ചി സിറ്റി സൈബർ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. എറണാകുളം സ്വദേശിയായ ഫാർമസ്യൂട്ടിക്കൽസ് ഉടമയാണ് വ്യാജ ട്രേഡിംഗ് ആപ്പ് വഴി തട്ടിപ്പിനിരയായത്. ഇദ്ദേഹത്തിൽ നിന്ന് തട്ടിയെടുത്ത 25 കോടിയിൽ 16 കോടി രൂപയോളം അറസ്റ്റിലായവരുടെ അക്കൗണ്ടുകൾ വഴി മാറ്റിയതായാണ് കണ്ടെത്തൽ. മുഖ്യപ്രതിയായ സത്യനാരായണ മൂർത്തിക്ക് ഹൈദരാബാദിൽ ഖനനം, നിർമാണം, ഐ ടി എന്നീ മേഖലകളിലായി 300 കോടിയുടെ നിക്ഷേപമുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. ഈ ബിസിനസുകൾ വളർത്താൻ സൈബർ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ചിട്ടുണ്ടോ എന്ന് പൊലീസ് സംശയിക്കുന്നു. ഹൈദരാബാദിലെ ഏകദേശം 25 കോടി രൂപയുടെ ആഡംബര അപ്പാർട്ട്മെന്റും മൂർത്തിയുടെ പേരിലുണ്ട്.
ഷെൽ കമ്പനികൾ രൂപീകരിച്ച് കള്ളപ്പണം വെളുപ്പിച്ച് ഇടപാടുകൾ നടന്നുവെന്നാണ് പൊലീസിന്റെ നിഗമനം. തട്ടിപ്പുസംഘത്തിൽ കൂടുതൽ പേരുടെ പങ്കും സംശയിക്കുന്നുണ്ട്. ഇതിലടക്കം വ്യക്തത വരുത്താനാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നത്. ഇവരിൽ നിന്ന് പിടിച്ചെടുത്ത ഉപകരണങ്ങളുടെ ഫോറൻസിക് പരിശോധന പൂർത്തിയാകുന്നതോടെ കൂടുതൽ തട്ടിപ്പുകളെക്കുറിച്ചും ഇടനിലക്കാരെയും കണ്ടെത്താൻ കഴിയുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.
