സംസ്ഥാനത്ത് വേനൽ മഴ അതിശക്തമാകുന്നു. തെക്കൻ കേരളത്തിന് പിന്നാലെ വടക്കൻ കേരളത്തിലും മഴ സജീവമായി. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മലയോര മേഖലകൾക്ക് പുറമെ തീരപ്രദേശത്തും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഒന്നര ആഴ്ചയായി തുടരുന്ന വേനൽ മഴ കൂടുതൽ ശക്തി പ്രാപിക്കുകയാണ്. തെക്കൻ കേരളത്തിന് പിന്നാലെ വടക്കൻ കേരളത്തിലും ശക്തമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചത്. താഴ്ന്ന പ്രദേശങ്ങളിൽ പലയിടത്തും വെള്ളക്കെട്ടുണ്ടായി. മരം കടപുഴകി വീണ് ഗതാഗതമടക്കം തടസപ്പെട്ടു. ഇടുക്കി ഉൾപ്പടെ സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പും ഉയർന്നു. മഴ കനക്കാൻ സാധ്യതയുള്ളതിനാൽ ഏഴ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. മഴയ്ക്കൊപ്പം ഇന്നിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. ബുധനാഴ്ച വരെ സംസ്ഥാനത്ത് വേനൽ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. മലയോര മേഖലകളിൽ ഉരുൾപൊട്ടൽ, മണ്ണൊലിപ്പ് സാധ്യതയുള്ളതിനാൽ കൂടുതൽ ജാഗ്രത വേണം. രാത്രികാല മലയോര യാത്രകൾക്കും നിയന്ത്രണം ഏർപ്പെടുത്തി. അതേസമയം ബംഗാൾ ഉൾക്കടലിൽ നാളെയോടെ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. ഈ സാഹചര്യത്തിൽ തീരപ്രദേശത്തും ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.
