ഡൽഹിയിലെ സിജെപി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊച്ചിയിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത റാപ്പർ വേടനെതിരെ കേസ്. പനമ്പിള്ളി നഗർ സെൻട്രൽ പാർക്കിൽ മുൻകൂർ അനുമതിയില്ലാതെ പരിപാടി സംഘടിപ്പിച്ചെന്നാരോപിച്ചാണ് എറണാകുളം സൗത്ത് പൊലീസ് കേസെടുത്തത്.
വേടൻ, മാനേജർ വിഗ്നേഷ് എന്നിവരടക്കം കണ്ടാലറിയാവുന്ന 90 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരിപാടിയിൽ പങ്കെടുത്തവർ പ്രദേശത്ത് ഗതാഗത തടസം സൃഷ്ടിച്ചെന്നും എഫ്ഐആറിൽ പറയുന്നു.
അതേസമയം, വേടനെതിരായ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ആബിദ് അലി രംഗത്തെത്തി. ജനാധിപത്യ വ്യവസ്ഥയിൽ സമാധാനപരമായ പ്രതിഷേധം കുറ്റകരമല്ലെന്നും, മുഖ്യമന്ത്രി തന്നെ ജന്തർ മന്തറിൽ നടന്ന സമരത്തിൽ പങ്കെടുത്തിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ കേസ് പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്.
