സംസ്ഥാനത്ത് പാമ്പുകടിയേൽക്കുന്നവരുടെ എണ്ണം വർധിക്കുന്നു. ഇന്നലെ മാത്രം 15 പേർക്കാണ് പാമ്പുകടിയേറ്റത്. 24 പേർ പാമ്പുകടിയേറ്റെന്ന സംശയത്തിൽ ചികിത്സ തേടി. 108 ആംബുലൻസ് സേവനം ഉപയോഗിച്ചവരുടെ കണക്കാണിത്.
കടിയേറ്റവരുടെ ഇരട്ടിയെങ്കിലും വരും പാമ്പിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടവർ. കോഴിക്കോട് നന്മണ്ടയിൽ കിടപ്പുമുറിയിലെത്തിയ മൂർഖനിൽ നിന്ന് പന്ത്രണ്ടുകാരൻ രക്ഷപ്പെട്ടത് മനസാന്നിധ്യം കൊണ്ടുമാത്രം. നന്മണ്ട പനോളുകണ്ടി റഫീഖിന്റെ മകൻ അൽഷിദ് ഉണർന്നപ്പോൾ കട്ടിലിന് താഴെ കണ്ടത് ഫണമുയർത്തി നിൽക്കുന്ന മൂർഖനെ. മൂന്ന് മണിക്കൂറിന് ശേഷമാണ് സ്നേക്ക് റെസ്ക്യൂവർ എത്തിയാണ് പാമ്പിനെ മാറ്റിയത്.
മലപ്പുറം തിരൂർ കൈമളശ്ശേരിയിലും വീടിനോട് ചേർന്ന് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടി പാമ്പിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. മലപ്പുറം നിലമ്പൂർ രാമംകുത്ത് സ്വദേശി നഫീസയുടെ വീട്ടിൽ നിന്ന് പാമ്പിനെ പിടികൂടി.പ്രധാനആശുപത്രികളിലെല്ലാം ആന്‍റിവെനം സ്റ്റോക്കുണ്ടാകണമെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശം നൽകി.
