കോഴിക്കോട് ബാലുശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിനുള്ളിൽ പാമ്പിനെ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. ഈങ്ങാപ്പുഴ സ്വദേശിയായ യുവാവ് സ്കൂട്ടർ ഓടിക്കുന്നതിനിടെ കയ്യിലേക്ക് എന്തോ ഇഴഞ്ഞുകയറുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് വാഹനം നിർത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്കൂട്ടറിനുള്ളിൽ പെരുമ്പാമ്പിനെ കണ്ടെത്തിയത്. കക്കയം ആർആർടി വോളണ്ടിയർ സതീഷ് സ്ഥലത്തെത്തി പാമ്പിനെ സുരക്ഷിതമായി പുറത്തെടുത്തു. യുവാവ് അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടു.
ഇതിനിടെ കോഴിക്കോട് താമരശ്ശേരി കൂടത്തായിയിൽ പാമ്പുകടിയേറ്റ യുവാവ്, കടിച്ച പാമ്പിനെയും കൈയിൽ എടുത്ത് ആശുപത്രിയിലെത്തി. തമിഴ്നാട് സേലം സ്വദേശിയായ ബാലാജിക്കാണ് സ്വകാര്യ വ്യക്തിയുടെ കൃഷിസ്ഥലത്ത് ജോലി ചെയ്യുന്നതിനിടെ വലതുകാലിൽ കടിയേറ്റത്. തുടർന്ന് കടിച്ച പാമ്പിനെ കവറിലാക്കി ആശുപത്രിയിലെത്തുകയായിരുന്നു.അതേസമയം, മലപ്പുറം വള്ളിക്കുന്ന് അരിയല്ലൂരിൽ വീടിന്റെ അടുക്കളയിൽ നിന്ന് പാമ്പിനെ പിടികൂടി. ശശീന്ദ്രന്റെ വീട്ടിലെ അടുക്കളയിൽ കണ്ടെത്തിയ പാമ്പ് ബൾബ് പാതി വിഴുങ്ങിയ നിലയിലായിരുന്നു. വിവരമറിഞ്ഞെത്തിയവർ പാമ്പിനെ പിടികൂടി വനംവകുപ്പിന് കൈമാറി.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായി പാമ്പുകളെ കണ്ടെത്തുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ജനങ്ങളിൽ ആശങ്ക വർധിപ്പിക്കുകയാണ്.
