മൂന്ന് പതിറ്റാണ്ടിന് ശേഷം കേരള നിയമസഭയ്ക്ക് ഒരു വനിത ഡെപ്യൂട്ടി സ്പീക്കർ. 99 വോട്ടുകൾക്ക് ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷ നേതാവിന് തൊട്ടടുത്താണ് ഡെപ്യൂട്ടി സ്പീക്കറുടെ ഇരിപ്പിടം.
സഭയിൽ എത്താതിരുന്ന ആബിദ് ഹുസൈൻ തങ്ങൾ, സന്ദീപ് വാര്യർ, വോട്ട് രേഖപ്പെടുത്താതിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇവരുടെ വോട്ട് ഒഴികെ 99 വോട്ടുകളും ഷാനിമോൾ ഉസ്മാൻ സ്വന്തമാക്കി. എൽഡിഎഫിൽ നിന്ന് സഭയിൽ ഇന്ന് എത്താതിരുന്നത് സി കെ ഹരീന്ദ്രൻ എംഎൽഎ; ആ ഒന്ന് കുറച്ച് 34 വോട്ടുകളും മുഹമ്മദ് മുഹ്സിനും നേടി. ബിജെപി അംഗങ്ങൾ പൂർണമായും വിട്ടു നിന്നു. ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ഷാനിമോൾ ഉസ്മാന് സഹപ്രവർത്തകർ അഭിനന്ദനങ്ങൾ അറിയിച്ചു.
കെഎസ്‌യുവിലൂടെയാണ് ഷാനിമോൾ ഉസ്മാൻ രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശം നടത്തിയത്. മഹിളാ കോൺഗ്രസിന്റെ മുൻ അധ്യക്ഷയായിരുന്നു. കെപിസിസി, എഐസിസി അംഗമായിരുന്നു. 2019ൽ അരൂരിലെ ഉപതെരഞ്ഞെടുപ്പിലൂടെയാണ് ആദ്യമായി നിയമസഭയിലേക്ക് എത്തുന്നത്. കഴിഞ്ഞ തവണ തോറ്റെങ്കിലും ഇത്തവണ 9,324 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മണ്ഡലം തിരികെ പിടിച്ചു. 60 വയസുകാരിയായ ഷാനിമോൾ ഉസ്മാൻ, കേരള നിയമസഭയിലെ നാലാമത്തെ വനിത ഡെപ്യൂട്ടി സ്പീക്കർ ആണ്. കെ ഒ ആയിഷ ഭായ്, എ നഫീസത്ത് ബീവി, ഭാർഗവി തങ്കപ്പൻ എന്നിവരാണ് മുൻ വനിത ഡെപ്യൂട്ടി സ്പീക്കർമാർ.
