സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ കെഎസ്ഇബിക്ക് ഉണ്ടായത് ഗുരുതര വീഴ്ച. ഡാം മാനേജ്മെൻ്റിൽ സംഭവിച്ച വീഴ്ചയാണ് പ്രതിസന്ധിയുടെ ആക്കം കൂട്ടിയത്. ഉയർന്ന അളവിൽ വെള്ളം ഉണ്ടായിരുന്ന സമയത്ത് ആസൂത്രണമില്ലാതെയാണ് വൈദ്യുതി ഉത്പാദിപ്പിച്ചത്.
സംസ്ഥാനത്തെ ഡാമുകളിലേക്ക് കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിലും അളവിൽ കൂടിയ വെള്ളമാണ് എത്തിയത്. ആവശ്യമില്ലാത്തപ്പോഴും വൈദ്യുതി ഉത്പാദനം നടത്തി. പ്രതിസന്ധി മുന്നിൽകണ്ടുള്ള വെള്ളം സംഭരിച്ചില്ല. കേന്ദ്ര വിഹിതമായി കിട്ടിയ 1,514 ദശലക്ഷം യൂണിറ്റ് വൈദ്യുതി സംസ്ഥാനം സറണ്ടർ ചെയ്തു. ആവശ്യത്തിന് വൈദ്യുതി ഉണ്ടായിരുന്ന ഘട്ടത്തിലായിരുന്നു സംസ്ഥാനത്തിന്റെ ഈ നിലപാട്. എന്നാൽ അപ്പോഴും വൈദ്യുതി ഉത്പാദനം തകൃതിയായി നടന്നു.
2023-24 സാമ്പത്തിക വർഷം ഡാമുകളിൽ ഉണ്ടായിരുന്നത് 1,916 ദശലക്ഷം യൂണിറ്റിന് ആവശ്യമായ വെള്ളമാണ്. 2024-25 സാമ്പത്തിക വർഷം അത് 1,935 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമായി ഉയർന്നു. ഈ വർഷം മാർച്ച് 31ന് ശേഷം 1,749 ദശലക്ഷം യൂണിറ്റിന് മാത്രമായി ചുരുങ്ങി. 6,608 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം ലഭിച്ച സ്ഥാനത്ത് കഴിഞ്ഞവർഷം 8,399 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം ലഭിച്ചിട്ടും പ്രതിസന്ധി ഉണ്ടായി. ദീർഘവീക്ഷണത്തോടെയുള്ള ഡാം മാനേജ്മെന്റ് നടപ്പിലാക്കിയിരുന്നെങ്കിൽ സംസ്ഥാനം ഇപ്പോൾ ഇരുട്ടിലാകില്ലായിരുന്നു എന്ന് സാരം.
