കോടാലിയിൽ പാമ്പുകടിയേറ്റ് എട്ടുവയസ്സുകാരൻ മരിച്ച സംഭവത്തിൽ വീടിൻ്റെ ശുചിമുറിയുടെ തറ പൊളിച്ചുള്ള പരിശോധന നിർത്തി. വീട്ടിൽ നിന്ന് അഞ്ച് പാമ്പുകളെ കിട്ടിയ സാഹചര്യത്തിലാണ് പരിശോധന അവസാനിപ്പിച്ചത്. തൃശൂർ കോടാലിയിലെ വീട്ടിൽ നിന്ന് അഞ്ച് പാമ്പുകളെയാണ് ആകെ ലഭിച്ചത്.
സർപ്പ ടീം തൃശൂർ കോടാലിയിലെ വീട്ടിലെത്തിയാണ് പരിശോധന നടത്തിയത്. ശുചിമുറിയുടെ തറ പൊളിച്ചായിരുന്നു പരിശോധന. അഞ്ച് പാമ്പുകളെ ലഭിച്ച സാഹചര്യത്തിൽ കൂടുതൽ പാമ്പുകൾ ഉണ്ടാകാമെന്ന് സംശയമുണ്ടായിരുന്നു. എന്നാൽ, പാമ്പുകളെ കണ്ടെത്താൻ കഴിയാതിരുന്നതിനെ തുടർന്ന് തിരച്ചിൽ അവസാനിപ്പിച്ചു. ശുചിമുറി കോൺക്രീറ്റ് ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
വീട്ടിൽ വച്ച് കടിയേറ്റ എട്ട് വയസ്സുകാരൻ ആൽജോ ആണ് മരിച്ചത്. ഒപ്പം കടിയേറ്റ സഹോദരൻ്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. 10 വയസ്സുകാരൻ അനോഷിനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. കോടാലി വെള്ളികുളങ്ങര സിൽജോ ജോൺസി ദമ്പതികളുടെ മക്കളാണ് ആൽജോയും അനോഷും.
കുട്ടികളെ കടിച്ചത് മുട്ട വിരിഞ്ഞെത്തിയ ശംഖുവരയൻ കുഞ്ഞെന്നാണ് കണ്ടെത്തൽ. പിന്നാലെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വീടിൻ്റെ പരിസരം വൃത്തിയാക്കി. ഇതിനിടെ പലതവണകളായി വീട്ടിൽ നിന്ന് വീണ്ടും ശംഖുവരയൻ കുഞ്ഞുങ്ങളെ കണ്ടെത്തി. ഇതിന് പിന്നാലെയാണ് സർപ്പ ടീം വീട്ടിലെത്തി പരിശോധന നടത്തിയത്.
