കോഴിക്കോട് പേരാമ്പ്രയിൽ കാർ കത്തി ഗർഭിണി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് മരിച്ച സോനയുടെ ബന്ധുക്കൾ രംഗത്ത്. സോന യാത്ര ചെയ്ത കാറിന്റെ പിറകുവശം മാത്രമേ കത്തിയുള്ളൂ എന്നതിലാണ് ദുരൂഹത. ഭർതൃവീട്ടിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി സോന നേരത്തെ ബന്ധുക്കളോട് പറയുകയും ചെയ്തിരുന്നു. തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട് അല്ലെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.
കാറിൻ്റെ പിറകിൽ സീറ്റ് ബെൽറ്റ് ഇട്ട് കിടന്ന നിലയിലാണ് സോനയുണ്ടായിരുന്നത്. മുൻസീറ്റ് ഒഴിഞ്ഞ് കിടന്നിട്ടും പിറകിൽ കിടന്നുകൊണ്ട് യാത്ര ചെയ്തത് എന്തിനാണെന്നാണ് പ്രധാന സംശയം. സോന കിടന്ന പുറകിലെ സീറ്റ് മാത്രമാണ് കത്തിയത്. എഞ്ചിനോ ഇന്ധനടാങ്കിനോ കേടുപാടുകൾ ഇല്ല. ഷോർട്ട് സർക്യൂട്ടും കണ്ടെത്താനായില്ലെന്നാണ് പൊലീസ് പറയുന്നുത്. ഭർത്താവ് രജിൻ ലാലിൻ്റെ വീട്ടിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി സോന ബന്ധുക്കളോട് പറയുകയും ചെയ്തിരുന്നു.
പൊള്ളലേറ്റ് ചികിത്സയിൽ തുടരുന്നതിനാൽ അന്വേഷണ സംഘത്തിന് രജിൻ ലാലിൻ്റെ മൊഴിയെടുക്കാനായിട്ടില്ല. കാർ കത്തിത്തുടങ്ങുന്ന സമയത്ത് വലിയ സ്‌ഫോടനശബ്ദം കേട്ടതായി ദൃക്സാക്ഷികൾ പറയുന്നു. കത്താതെ ശേഷിച്ച തുണികൾ, ബാഗിന്റെ അവശിഷ്ടം, മൊബൈൽ ഫോൺ, കാറിലുണ്ടായിരുന്ന വെള്ളത്തിന്റെ സാംപിൾ തുടങ്ങിയവയും ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഫോറൻസിക് പരിശോധനാഫലം കൂടി ലഭിച്ചാലേ കൃത്യമായ നിഗമനത്തിലെത്താൻ കഴിയൂവെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
