മഴ ശക്തമായതോടെ എറണാകുളം ജില്ലയിൽ ഡെങ്കിപ്പനിയുൾപ്പെടെ പകർച്ചപ്പനികളുടെ വ്യാപനം വർധിക്കുന്നു. ചിക്കൻപോക്സ്, എച്ച്1എൻ1 എന്നിവയ്ക്കൊപ്പം വെസ്റ്റ് നൈൽ, ഷിഗല്ല എന്നീ രോഗങ്ങളും റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കി. രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ‘ആരോഗ്യഭേരി’ പദ്ധതിക്കും തുടക്കമായി.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പനിബാധിതരുടെ എണ്ണം കുറവാണെന്നാണ് ജില്ലാ മെഡിക്കൽ ഓഫീസറുടെ വിശദീകരണം. എന്നാൽ ജില്ലയിൽ ഈ വർഷം വെസ്റ്റ് നൈലും ഷിഗല്ലയും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ ചർച്ചയാകുകയാണ്.ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം ജില്ലയിൽ ഇതുവരെ പകർച്ചവ്യാധികളെ തുടർന്ന് 16 പേർ മരിച്ചു. ചിക്കൻപോക്സ് ബാധിച്ച് നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതുവരെ 309 പേർക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചിട്ടുണ്ട്. ജൂൺ മാസത്തിൽ മാത്രം 295 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. മേയ് മാസത്തേക്കാൾ ഇരട്ടിയിലേറെ വർധനയാണ് ഇത്. വെസ്റ്റ് നൈൽ ബാധ അഞ്ച് പേരിൽ സ്ഥിരീകരിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു.
രോഗവ്യാപനം തടയാൻ ‘ആരോഗ്യഭേരി’ പദ്ധതിയുടെ ഭാഗമായി വാർഡ് തല ടീമുകൾ രൂപീകരിച്ച് ഉറവിട നശീകരണം, ക്ലോറിനേഷൻ, ബോധവത്കരണം തുടങ്ങിയ പ്രവർത്തനങ്ങൾ ഊർജിതമാക്കും. ആദ്യ മൂന്ന് മാസം തീവ്ര പ്രതിരോധ ഘട്ടമായി കണക്കാക്കി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് തീരുമാനം.കൊതുക് വളരാൻ സാധ്യതയുള്ള സ്ഥലങ്ങൾ ശുചിയാക്കുക, വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക, പനി ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സയ്ക്ക് മുതിരാതെ ഉടൻ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടുക എന്നിവയാണ് ആരോഗ്യവകുപ്പിന്റെ നിർദേശം.
