കെഎസ്ആർടിസി ബസുകളിലെ സ്‌ത്രീ, ട്രാൻസ്ജെൻഡർ സൗജന്യ യാത്ര നാളെ ആരംഭിക്കും. രാവിലെ എട്ടരയ്ക്ക് മുഖ്യമന്ത്രി വിഡി സതീശൻ പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. തമ്പാനൂർ ബസ് ടെർമിനലിൽ നിന്ന് ആരംഭിച്ച് സെക്രട്ടറിയേറ്റ് വരെയാണ് പ്രിയദർശിനി പദ്ധതിയുടെ ആദ്യ യാത്ര. മുഖ്യമന്ത്രിയും മന്ത്രിമാരും യാത്രയുടെ ഭാഗമാകും. സംസ്ഥാനത്തെ 3125 ഓർഡിനറി ബസുകളിലാണ് സൗജന്യ യാത്ര ലഭ്യമാകുക. സംസ്ഥാനത്തെ ആദ്യ കെഎസ്ആർടിസി വനിത ബസ് ഡ്രൈവറായ വിപി ഷീലയാണ് ഉദ്‌ഘാടന യാത്രയുടെ സാരഥി. ഉദ്ഘാടനത്തോടെ സംസ്ഥാനത്തെ എല്ലാ ഓർഡിനറി ബസുകളിലും പ്രിയദർശിനി പദ്ധതി സൗജന്യ യാത്ര ലഭ്യമാകും.
പ്രതിദിനം 2900 ഷെഡ്യൂളുകളിലായി 3125 ഓർഡിനറി ബസുകളിലാണ് ഇളവ് ലഭിക്കുക. അതേസമയം പദ്ധതിക്കെതിരെ സിപിഎം രംഗത്തെത്തി. സർക്കാർ വാഗ്ദാനത്തിൽ നിന്ന് പിന്നോട്ട് പോയെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെ വിമർശനം.ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കേണ്ടതില്ലെന്നാണ് സിപിഎം തീരുമാനം.സി പി എമ്മിൻ്റെ ബഹിഷ്കരണ തീരുമാനം ചരിത്രപരമായ വിഡ്ഢിത്തമാണെന്ന് ഗതാഗത മന്ത്രി സിപി ജോൺ പറഞ്ഞു.പ്രിയദർശിനി പദ്ധതി വഴി സൗജന്യ യാത്ര ലഭ്യമാകുന്ന ബസുകൾ തിരിച്ചറിയാൻ പദ്ധതിയുടെ പേര് ഉൾപ്പെടുത്തിയ സ്റ്റിക്കറുകൾ ബസുകളിൽ പതിച്ചിട്ടുണ്ട്.പിഎഫ്ടി സംവിധാനം വഴി ലഭിക്കുന്ന സീറോ വാല്യൂ ടിക്കറ്റുകളിൽ പ്രിയദർശിനിയെന്ന് മലയാളത്തിലും രേഖപ്പെടുത്തും.
