കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി ഗർഭിണി മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. സ്ഥലത്ത് പരിശോധന നടത്തിയ ഫോറൻസിക് സംഘം കാറിൽ നിന്ന് തെളിവുകൾ ശേഖരിച്ചു. പോസ്റ്റുമോർട്ടം പൂർത്തിയാക്കിയ ശേഷം സോനയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ഗുരുതരമായി പൊള്ളലേറ്റ രജിൻ ലാൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പേരാമ്പ്ര കല്ലോട് ആശുപത്രിയിൽ ഡോക്ടറെ കണ്ട് ചെറുവണ്ണൂർ കക്കറമുക്കിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു സോനയും രജിൻ ലാലും. ആറ് മാസം ഗർഭിണിയായിരുന്നു സോന. വീടെത്താൻ ഒരു കിലോമീറ്റർ മാത്രം ബാക്കി. അപ്പോഴാണ് കാറിൽ തീ പടർന്നത്. വലിയ പൊട്ടിത്തെറി ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ കാണുന്നത് ദേഹത്ത് പടർന്ന തീയുമായി കാറിൽ നിന്നിറങ്ങിയ രജിൻ ലാലിനെയാണ്.
തൊട്ടടുത്തുള്ള തോട്ടിലേക്ക് ചാടിയ രജിൻ ദേഹത്തെ തീയണച്ചു, എന്നാൽ ഡോർ ലോക്ക് ആയ കാറിൽ നിന്ന് സോനയെ പുറത്തെത്തിക്കാൻ കഴിഞ്ഞില്ല. പിൻസീറ്റിൽ കിടക്കുകയായിരുന്ന സോനയുടെ മുകളിലേക്ക് കാറിന്റെ സീലിംഗ് കത്തി വീണിരുന്നു. പിന്നീട് ഏറെ പണിപ്പെട്ടാണ് സോനയെ പുറത്തെടുത്തത്.
60 ശതമാനത്തിലധികം പൊള്ളലേറ്റ രജിൻ ലാലിന്റെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഫോറൻസിക് സംഘവും പൊലീസും കാർ പരിശോധിച്ചു. കാറിന്റെ സീറ്റുകളുൾപ്പെടെ മുഴുവനായും കത്തിയെങ്കിലും ഇന്ധന ടാങ്കും എസിയുടെ ഭാഗങ്ങളും പൊട്ടിയിട്ടില്ല. എഞ്ചിൻ ഭാഗത്തും വലിയ തോതിൽ തീ പടർന്നിട്ടില്ല. എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് കേസ് അന്വേഷിക്കുന്ന പേരാമ്പ്ര എസ് എച്ച് ഒ പറഞ്ഞു.
