ആലപ്പുഴ ചേർത്തലയിൽ ദേശീയപാത 66-ലെ മേൽപ്പാലത്തിൽ രൂപപ്പെട്ട വലിയ ഗർത്തം കോൺക്രീറ്റ് ഉപയോഗിച്ച് താത്കാലികമായി അടച്ചു. നാല് മീറ്ററോളം താഴ്ചയുള്ള കുഴിയിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥർ എത്തിയാണ് താത്കാലിക നടപടി സ്വീകരിച്ചത്. മേഖലയിൽ പരിശോധനയും തുടങ്ങി.ചേർത്തല പതിനൊന്നാം മൈലിൽ നിർമാണം പൂർത്തിയായ മേൽപ്പാലത്തിലാണ് ഇന്നലെ വൈകിട്ട് ആദ്യം ചെറിയ കുഴി രൂപപ്പെട്ടത്. പിന്നീട് മണിക്കൂറുകൾക്കകം അത് നാല് മീറ്ററോളം താഴ്ചയുള്ള വലിയ ഗർത്തമായി മാറി. വിഷയത്തിൽ കടുത്ത പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയതോടെ കുഴി താത്കാലികമായി അടച്ച് ദേശീയപാത ഉദ്യോഗസ്ഥർ പരിശോധന തുടങ്ങി.
സമീപത്തുകൂടി കടന്നുപോകുന്ന കുടിവെള്ള പൈപ്പ്ലൈൻ ദിവസങ്ങൾക്ക് മുമ്പ് പൊട്ടിയതാണ് ഗർത്തത്തിന് കാരണമായതെന്നാണ് നാട്ടുകാരുടെ ആരോപണം. പൈപ്പ് ലൈൻ മാറ്റാതെ അതിന് മുകളിലൂടെ നിർമാണം നടത്തിയെന്ന പരാതിയും അവർ ആവർത്തിക്കുന്നു. വിഷയത്തിൽ ജല അതോറിറ്റിക്കും ജില്ലാ കലക്ടർക്കും നേരത്തേ പരാതി നൽകിയിരുന്നുവെന്നും നാട്ടുകാർ പറയുന്നു.
റോഡ് നിർമാണത്തിന് ഉപയോഗിച്ച മണ്ണിന്റെ ഗുണനിലവാരത്തെക്കുറിച്ചും നേരത്തേ ആശങ്കകൾ ഉയർന്നിരുന്നു.വേമ്പനാട് കായലിലെ മണലും തോട്ടപ്പള്ളിയിലെ മണലുമാണ് പലയിടത്തും ഉപയോഗിച്ചത്. ഇതേപ്പറ്റി നേരത്തെ മുന്നറിയിപ്പ് ഉണ്ടായതാണ്. എന്നിട്ടും ഉദ്യോഗസ്ഥർ പരിഗണിച്ചിരുന്നില്ല. കൃത്യമായ മേൽനോട്ടമില്ലായ്മയും പരാതിയിലുണ്ട്. വീണ്ടും കുഴികൾ രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ മേഖലയിൽ യാത്രക്കാർക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.മേഖലയിൽ ഭാഗിക ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി. വിഷയത്തിൽ പരിശോധന റിപ്പോർട്ട് കിട്ടിയ ശേഷമായിരിക്കും അതോറിറ്റിയുടെ തുടർനടപടി.നിർമാണത്തിലെ അപാകതകളും മേൽനോട്ടത്തിലെ വീഴ്ചകളും അന്വേഷിക്കണമെന്ന ആവശ്യം ശക്തമാണ്. സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കെ.സി വേണുഗോപാൽ എംപി ദേശീയപാത അതോറിറ്റി ചെയർമാന് കത്ത് നൽകി.
