പിണറായി വിജയനും എം വി ഗോവിന്ദനുമെതിരെ പാലക്കാട് ഏരിയ കമ്മിറ്റിയിൽ രൂക്ഷ വിമർശനം. ഡാഷ് മോനെ, കടക്ക് പുറത്ത് പ്രയോഗങ്ങൾ തിരിച്ചടിയായെന്ന് പ്രവർത്തകർ വിമർശിച്ചു. സിപിഐഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐയും രംഗത്തെത്തി. പലയിടത്തും സിപിഐയെ മാറ്റിനിർത്തിയെന്നും യുഡിഎഫ് ട്രെൻഡ് അനുസരിച്ച് പ്രചാരണം നടത്തിയപ്പോൾ, എൽഡിഎഫ് പിണറായിയിൽ മാത്രം ഒതുങ്ങിയെന്നും ജില്ലാ കൗൺസിലിൽ പ്രവർത്തകർ അഭിപ്രായമുയർത്തി.
പാലക്കാട് സിപിഐ ജില്ലാ കൗൺസിലിൽ സിപിഐഎമ്മിനെതിരെ രൂക്ഷ വിമർശനം ഉയർന്നപ്പോൾ സിപിഐഎം ഏരിയ കമ്മിറ്റി യോഗത്തിൽ പിണറായി വിജയനും എം വി ഗോവിന്ദനും എതിരെ ആയിരുന്നു വിമർശനം. പിണറായിയുടെ ഭാഷയും ഗോവിന്ദന്റെ ശരീരഭാഷയും വൻ തോൽവിക്ക് ഇടയാക്കി. കടക്ക് പുറത്ത്, ഡാഷ് മോനെ തുടങ്ങിയ പരാമർശങ്ങൾ തിരിച്ചടിയായി. സംസ്ഥാന സെക്രട്ടറി പറയുന്ന കാര്യങ്ങളിൽ ഒന്നും വ്യക്തതയില്ലെന്നും വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകളെ തള്ളിപ്പറയാൻ പിണറായി വിജയൻ തയ്യാറാകാത്തത് ന്യൂനപക്ഷങ്ങളുടെ അതൃപ്തിക്ക് ഇടയാക്കിയെന്നും യോഗം വിലയിരുത്തി. പാലക്കാട് മണ്ഡലത്തിൽ വോട്ട് കുറഞ്ഞത് ഇതൊക്കെ കാരണമാണെന്നും ഏരിയ കമ്മിറ്റി അംഗങ്ങൾ വിമര്‍ശിച്ചു. തിരുത്തി മുന്നോട്ട് പോകാൻ തയ്യാറായില്ലെങ്കിൽ പാർട്ടിക്ക് നിലനിൽപ്പില്ലെന്നും അംഗങ്ങൾ ആഞ്ഞടിച്ചു.
അതിനിടെ സിപിഐഎമ്മിനെതിരെ സിപിഐ പാലക്കാട് ജില്ലാ കൗൺസിലിലും വിമർശനം ഉണ്ടായി. പി സന്തോഷ് കുമാർ എംപി പങ്കെടുത്ത ജില്ലാ കൗൺസിൽ യോഗത്തിലായിരുന്നു വിമർശനം. സിപിഐഎം പലയിടത്തും സിപിഐയെ മാറ്റി നിർത്തി. പാലക്കാട് മണ്ഡലത്തിലെ പഞ്ചായത്തുതല കൺവെൻഷനുകളിൽ പോലും സിപിഐ ഭാരവാഹികളെ പങ്കെടുപ്പിച്ചില്ലെന്നും, യുഡിഫ് ട്രെൻഡ് അനുസരിച്ച് പ്രചാരണം നടത്തിയപ്പോൾ എൽഡിഎഫ് പിണറായിയിൽ മാത്രം ഒതുങ്ങി നിന്നെന്നും പ്രവർത്തകർ കുറ്റപ്പെടുത്തി. ദലിത്, പിന്നോക്ക വിഭാഗങ്ങൾ എൽഡിഎഫിനോട് അകന്നു. 64 ദലിത് സംഘടനകൾ എൽഡിഎഫിനെതിരെ തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ചു. ഇടത് രാഷ്ട്രീയം പറയുന്നതിലെ വീഴ്ചകൾ സർവ മേഖലയിലും എൽഡിഎഫിനെ ബാധിച്ചെന്നും യോഗം വിലയിരുത്തി.
