ലഹരിവ്യാപനത്തിനെതിരെ സംസ്ഥാന സർക്കാർ നടപടികൾ കൂടുതൽ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇതിനായി ‘ഓപ്പറേഷൻ തൂഫാൻ’ എന്ന പേരിൽ പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പെരുമ്പാവൂരിൽ പ്രഖ്യാപിച്ചു.
പെരുമ്പാവൂർ “ലഹരി ക്യാപിറ്റൽ” എന്ന ദുഷ്പേര് മാറ്റണമെന്നും, ലഹരിവ്യാപനത്തിൽ മലയാളികൾക്കും പങ്കുണ്ടെന്ന യാഥാർഥ്യം അംഗീകരിക്കണമെന്നും മന്ത്രി പറഞ്ഞു. ലഹരി വിൽപനയും കടത്തും അവസാനിപ്പിച്ചില്ലെങ്കിൽ കർശന നിയമനടപടിയുണ്ടാകുമെന്നും ലഹരിമാഫിയകൾക്ക് അദ്ദേഹം മുന്നറിയിപ്പ് നൽകി.ലഹരിമുക്ത പെരുമ്പാവൂർ എന്ന ലക്ഷ്യത്തോടെ കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തിൽ മഹാറാലി സംഘടിപ്പിച്ചു. ബോയ്സ് സ്കൂളിൽ നിന്ന് ആരംഭിച്ച റാലി ഗാന്ധി പ്രതിമയ്ക്ക് സമീപം സമാപിച്ചു. പൊതുസമ്മേളനത്തിൽ ലഹരിവിരുദ്ധ സന്ദേശം നൽകിയ മന്ത്രി, അന്തർസംസ്ഥാന ലഹരിക്കടത്ത് തടയാൻ കേരളം, കർണാടക, തമിഴ്നാട്, തെലങ്കാന, പുതുച്ചേരി എന്നിവിടങ്ങളിലെ ഡി.ജി.പി.മാരുടെ സംയുക്ത യോഗം ഉടൻ വിളിക്കുമെന്നും അറിയിച്ചു.
പൊതുസമ്മേളനത്തിന് ശേഷം അതിഥി തൊഴിലാളികൾ കൂടുതലായി താമസിക്കുന്ന ഭായി കോളനി സന്ദർശിച്ച മന്ത്രി തൊഴിലാളികളുമായി ഹിന്ദിയിൽ സംസാരിക്കുകയും ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. പ്രദേശത്തെ പോലീസിന്റെ പ്രവർത്തനത്തെയും അദ്ദേഹം അഭിനന്ദിച്ചു.പെരുമ്പാവൂരിൽ കൂടുതൽ പോലീസ് സേനയെ വിന്യസിക്കാനും ‘ഓപ്പറേഷൻ തൂഫാൻ’ കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകാനുമാണ് ആഭ്യന്തരവകുപ്പിന്റെ തീരുമാനം.
