പെരുമ്പാവൂരിൽ 18 കോടി രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്ത കേസിൽ മുഖ്യസൂത്രധാരൻ ഉൾപ്പെടെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശികളായ ഫായിസ്, ജഗത്ത് എന്നിവരാണ് പിടിയിലായത്. വിദേശത്തിരുന്ന് കേരളത്തിലെ ലഹരി ശൃംഖലയെ നിയന്ത്രിച്ചിരുന്നത് ഫായിസാണെന്ന് പൊലീസ് അറിയിച്ചു.വയനാട് വൈത്തിരിയിലെ ഒരു റിസോർട്ടിൽ നിന്നാണ് ഫായിസിനെ പിടികൂടിയത്. ജഗത്തിനെ കോഴിക്കോട് എരഞ്ഞിപ്പാലത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്.
തായ്‌ലൻഡിൽ നിന്ന് കേരളത്തിലെത്തിക്കുന്ന ഹൈബ്രിഡ് കഞ്ചാവിന്റെ വിതരണ ശൃംഖല സൃഷ്ടിക്കുകയും നിയന്ത്രിക്കുകയും ചെയ്തിരുന്നത് ഫായിസാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ലഹരി വിൽപ്പനയ്ക്കും വിതരണത്തിനും ആവശ്യമായ സഹായങ്ങൾ ഏകോപിപ്പിച്ചിരുന്നത് ജഗത്താണെന്നും പൊലീസ് വ്യക്തമാക്കി.
കേസിൽ ഇതുവരെ 10 പേരാണ് അറസ്റ്റിലായിരിക്കുന്നത്. കഴിഞ്ഞ മാസം 24-നാണ് വൈപ്പിൻ സ്വദേശിയായ ആയുഷിന്റെ ബൈക്കിൽ നിന്നും പെരുമ്പാവൂരിലെ ഫ്ലാറ്റിൽ നിന്നുമായി 17 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തത്. പെരുമ്പാവൂർ എ.എസ്.പിയുടെ സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വൻ ലഹരിവേട്ട നടന്നത്.തായ്‌ലൻഡിൽ നിന്ന് കേരളത്തിലെ വിമാനത്താവളങ്ങൾ വഴിയാണ് ഹൈബ്രിഡ് കഞ്ചാവ് സംസ്ഥാനത്തേക്ക് കടത്തുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.
