കേരളത്തിലെ തെരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ചുള്ള സിപിഐഎം പൊളിറ്റ് ബ്യൂറോ വിലയിരുത്തലിൽ ഭരണപരമായ വീഴ്ചകളെക്കുറിച്ച് പരാമർശമില്ല. ന്യൂനപക്ഷ വോട്ടുകൾ വ്യാപകമായി യുഡിഎഫിന് അനുകൂലമായെന്നും പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ പോലും തിരിച്ചടി നേരിട്ടെന്നുമാണ് സംസ്ഥാന ഘടകം പിബിക്ക് നൽകിയ റിപ്പോർട്ട്.
വിമത സ്ഥാനാർഥികളുടെ വിജയത്തിന് വിവിധ പ്രാദേശിക കാരണങ്ങളുണ്ടായിരുന്നുവെന്നും സിപിഐഎം വിലയിരുത്തുന്നു. അതേസമയം പാർട്ടി വോട്ടുകൾ ബിജെപിയിലേക്ക് ചോർന്നിട്ടില്ലെന്ന നിലപാടും നേതൃത്വം ആവർത്തിച്ചു.
തെരഞ്ഞെടുപ്പ് പരാജയത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും പിണറായി വിജയൻ ഒറ്റയ്ക്ക് ഏറ്റെടുക്കേണ്ട സാഹചര്യമില്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു.
പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ പൊളിറ്റ് ബ്യൂറോയിൽ ചർച്ച നടന്നിട്ടില്ലെന്നും തീരുമാനം കേരള ഘടകത്തിനായിരിക്കുമെന്നും എം എ ബേബി വ്യക്തമാക്കി. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ഇതേ നിലപാട് ആവർത്തിച്ചു.
പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെയും സംബന്ധിച്ച തീരുമാനം സംസ്ഥാന നേതൃത്വത്തിനായിരിക്കുമെന്ന് സിപിഐഎം നേതൃത്വം അറിയിച്ചു. ഉപനേതൃസ്ഥാനം സിപിഐയ്ക്ക് നൽകില്ലെന്ന നിലപാടിൽ സിപിഐഎം ഉറച്ച് നിൽക്കുന്നതായും സൂചന
തെരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്ത് സിപിഐഎം പിബി; ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിന് അനുകൂലമായെന്ന് വിലയിരുത്തൽ
