കോഴിക്കോട് പന്തീരാങ്കാവിലെ എംഡിഎംഎ വേട്ടയിൽ കൂടുതൽ അറസ്റ്റിലേക്ക് എക്സൈസിന്റെ പ്രത്യേക സംഘം. പിടിയിലായ പ്രതികളുടെ മൊഴികളും ഡിജിറ്റൽ തെളിവുകളും അടിസ്ഥാനമാക്കിയാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഏകദേശം മൂന്നര കിലോയോളം എംഡിഎംഎ പിടികൂടിയ കേസിലാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഫാത്തിമ്മ നസ്രീനും മലപ്പുറം സ്വദേശി പി.കെ. ഷഫീഖും അറസ്റ്റിലായത്. ഇവർ മുഖ്യ ഇടനിലക്കാരായി പ്രവർത്തിച്ചതായാണ് എക്സൈസിന്റെ കണ്ടെത്തൽ.
പിടിയിലായവരുടെ ഫോൺ രേഖകൾ, വാട്സ്ആപ്പ് ചാറ്റുകൾ, ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ ഇടപാടുകൾ എന്നിവ വിശദമായി പരിശോധിച്ചതോടെ ലഹരി വ്യാപാര ശൃംഖലയിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന സൂചന ലഭിച്ചു.
പ്രതികളുമായി സ്ഥിരമായി ബന്ധം പുലർത്തിയിരുന്ന യുവാക്കളെയും യുവതികളെയും കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം. ലഹരി കടത്തിനായി കൂടുതൽ യുവതികളെ ‘കാരിയർമാരായി’ ഉപയോഗിച്ചിരിക്കാമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.
വിവിധ ജില്ലകളിലായി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ചിലരെ ഇതിനകം ചോദ്യം ചെയ്തിട്ടുണ്ട്. രാജസ്ഥാൻ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുമായി ബന്ധമുള്ള വലിയ ശൃംഖലയിലേക്കാണ് അന്വേഷണം നീളുന്നത്. പണമിടപാട് നടത്തിയവരെയും ചോദ്യം ചെയ്യും
