പാലക്കാട് ജില്ലയിലെ കായികപ്രതീക്ഷകൾക്ക് ജീവൻ നൽകിയിരുന്ന ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയം ഇന്ന് പൂർണ്ണമായും അവഗണനയിൽ മുങ്ങിയ നിലയിലാണ്. ഒരു കാലത്ത് ജില്ലാതല കായികമേളകളും പരിശീലന ക്യാമ്പുകളും നടന്നിരുന്ന ഈ സ്റ്റേഡിയം ഇന്ന് കാട് കയറിയും മാലിന്യം നിറഞ്ഞും ഉപയോഗശൂന്യമായി കിടക്കുന്നു.ഇൻഡോർ സ്റ്റേഡിയം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ വർഷങ്ങളായി പ്രവർത്തനരഹിതമാണ്. കായികതാരങ്ങൾക്ക് പരിശീലനത്തിനും പൊതുജനങ്ങൾക്ക് വിനോദത്തിനും ഉപയോഗിക്കേണ്ട ഈ വേദി ഇന്ന് തകർച്ചയുടെ അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ഇടയ്ക്കിടെ നടക്കുന്ന മേളകൾക്കും എക്സിബിഷനുകൾക്കും മുമ്പ് മാത്രം ശുചീകരണം നടക്കുകയും തുടർന്ന് വീണ്ടും പഴയ അവസ്ഥയിലേക്ക് മടങ്ങുകയും ചെയ്യുന്നു
പാലക്കാട് നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഈ സ്റ്റേഡിയത്തിന്റെ സമഗ്ര വികസനത്തിനായി സംസ്ഥാന സർക്കാർ 40 കോടി രൂപയുടെ പദ്ധതി മുൻപ് പ്രഖ്യാപിച്ചിരുന്നു. ജില്ലാ സ്റ്റേഡിയമായി ഉയർത്തി പാലക്കാടിനെ ദക്ഷിണേന്ത്യയിലെ സ്പോർട്സ് ഹബ്ബാക്കുക എന്ന ലക്ഷ്യവും ഇതിലൂടെ മുന്നോട്ടുവെച്ചിരുന്നു.എന്നാൽ പ്രഖ്യാപനങ്ങൾക്കപ്പുറം പ്രവർത്തനരംഗത്ത് പുരോഗതി ഇല്ലാത്തത് സ്റ്റേഡിയത്തിന്റെ നിലവിലെ അവസ്ഥയെ കൂടുതൽ ദയനീയമാക്കുന്നു. പദ്ധതികൾ കടലാസിൽ ഒതുങ്ങുമ്പോൾ, കായിക പ്രതീക്ഷകൾ മങ്ങിക്കൊണ്ടിരിക്കുകയാണ്.
