പാലക്കാട് ജില്ലയിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരുന്നു. ജില്ലയിൽ നിലവിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിലും താപനില ഉയരാനാണ് സാധ്യതയെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ഇന്നലെ റെഡ് അലർട്ട് പ്രഖ്യാപിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നെങ്കിലും പിന്നീട് പിൻവലിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത അനിവാര്യമാണെന്ന് കലക്ടർ വ്യക്തമാക്കി.
വേനൽ മഴ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അത് എപ്പോൾ ലഭിക്കുമെന്നത് വ്യക്തമല്ല. അതേസമയം ജില്ലയിൽ കുടിവെള്ള പ്രതിസന്ധി രൂക്ഷമാകുകയാണ്. 40 പഞ്ചായത്തുകളിലാണ് കുടിവെള്ള ക്ഷാമം കടുത്തത്. ഈ പ്രദേശങ്ങൾക്ക് പ്രത്യേക ഫണ്ട് അനുവദിക്കുമെന്നും കലക്ടർ അറിയിച്ചു.
പകൽ സമയങ്ങളിൽ നേരിട്ട് വെയിലിൽ കഴിയുന്നത് ഒഴിവാക്കണമെന്നും സർക്കാർ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്ക് എതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും കലക്ടർ വ്യക്തമാക്കി.
ഉഷ്ണ തരംഗവും ഉയർന്ന താപനിലയും തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ പഠന പിന്നോക്ക ക്ലാസുകൾ പൂർണമായും ഓൺലൈൻ രീതിയിലേക്ക് മാറ്റി. മാറ്റിവെക്കാൻ കഴിയാത്ത പരീക്ഷകൾ നടത്തുമ്പോൾ കൂളിംഗ് സംവിധാനം ഉറപ്പാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ എല്ലാ ആഴ്ചയും പ്രത്യേക യോഗങ്ങൾ ചേരും. ആവശ്യമായ മാറ്റങ്ങൾ തുടർന്ന് നടപ്പിലാക്കുമെന്നും അധികൃതർ അറിയിച്ചു.
പാലക്കാട് ജില്ലയിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരുന്നു:40 പഞ്ചായത്തുകളിൽ കുടിവെള്ളക്ഷാമം രൂക്ഷം
