സർക്കാർ ജീവനക്കാരെ അനധികൃതമായി സ്ഥലം മാറ്റുന്നുവെന്ന ആരോപണവുമായി ബന്ധപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.ഇതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപോയി.വി. ജോയ് അവതരിപ്പിച്ച പ്രമേയമാണ് സ്പീക്കർ അനുമതി നിഷേധിച്ചത്.സർക്കാർ ചുമതലയേറ്റതിന് മുൻപേ ആരംഭിച്ച സ്ഥലംമാറ്റ നടപടികൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അടിയന്തര പ്രമേയം അവതരിപ്പിച്ചത്.എൻജിഒ അസോസിയേഷൻ ഭാരവാഹികളുടെ പരാതിയിൽ സ്ഥലംമാറ്റം നടത്തി എന്ന ഉത്തരവ് പ്രമേയാവതാരകൻ വി ജോയ് സഭയിൽ വായിച്ചു.
പുതിയ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം യാതൊരുവിധ മാനദണ്ഡങ്ങളു പാലിക്കാതെ 33 വകുപ്പുകളിലായി 207 ഉത്തരവുകളിലൂടെ 310 വനിതകൾ അടക്കമുള്ള ജീവനക്കാരെ ദൂരസ്ഥലങ്ങളിലേയ്ക്ക് മാറ്റിയെന്ന് വി ജോയ് ആരോപിച്ചു.എന്നാൽ പ്രതിപക്ഷ ആരോപണങ്ങളെ മന്ത്രി സണ്ണി ജോസഫ് ശക്തമായി എതിർത്തു.ഭരണസൗകര്യം ഉറപ്പാക്കുന്നതിനുള്ള സാധാരണ നടപടികളുടെ ഭാഗമാണെന്നും വിഷയത്തിൽ പ്രത്യേക വിവാദം ഇല്ലെന്നും സണ്ണി ജോസഫ് മറുപടി നൽകി.
മന്ത്രിയുടെ മറുപടിക്ക് പിന്നാലെ സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ രംഗത്തെത്തി.മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി പ്രതികാര ബുദ്ധിയോടെയാണ് സ്ഥലം മാറ്റങ്ങൾ എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. അന്യായമായ സ്ഥലം മാറ്റങ്ങൾ റദ്ദാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. ചുരുങ്ങിയ കാലയളവിൽ രണ്ടായിരത്തോളം ജീവനക്കാരെ സ്ഥലം മാറ്റി.കുടുംബശ്രീയിൽ നോട്ടീസ് നൽകാതെ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു.സ്ഥാപിത താൽപര്യക്കാരെ സംരക്ഷിക്കരുതെന്നും പിണറായി വിജയൻ പറഞ്ഞു.അധികാരത്തിൻ്റെ ഇടനാഴിയിൽ പവർ ബ്രോക്കർമാരും ദല്ലാളുമാരും ഇടം പിടിക്കുന്നതിന് ഇടയാകുന്നതാണ് ഇപ്പോഴത്തെ രീതിയെന്നും പിണറായി വിജയൻ ആരോപിച്ചു.മാനദണ്ഡങ്ങൾ മറികടന്ന് നടത്തിയ ഇത്തരം രാഷ്ട്രീയപ്രേരിത സ്ഥലംമാറ്റങ്ങൾ ഉടനടി റദ്ദാക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.
