കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐക്ക് വിട്ട മന്ത്രിസഭായോഗ തീരുമാനം സ്വാഗതം ചെയ്ത് കുടുംബം. മുഖ്യമന്ത്രിക്ക് നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞു. സിബിഐ അന്വേഷണത്തെ ഭയക്കുന്നില്ലെങ്കിൽ സിപിഐഎം എന്തിനാണ് എതിർക്കുന്നത് എന്നും കുടുംബം ചോദിച്ചു.
ഇടതുപക്ഷവുമായി അടുത്ത് നിന്ന കുടുംബമായിരുന്നു നവീൻ ബാബുവിന്റേത്. അവർ ഈ നിലപാടിലേക്ക് എത്തിയെങ്കിൽ പാർട്ടി തന്നെയാണ് ആത്മപരിശോധന നടത്തേണ്ടത്. നിലവിൽ നടക്കുന്ന അന്വേഷണത്തിൽ വിശ്വാസം ഇല്ലെന്ന് പലതവണ കുടുംബം എൽഡിഎഫ് സർക്കാരിനോട് പറഞ്ഞതാണ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതികളും കയറിയിറങ്ങിയതാണ്. അതകൊണ്ട് തന്നെ യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുകയാണ് കുടുംബം.
കുടുംബത്തിനൊപ്പമാണ് പാർട്ടി എന്ന് പറയുന്ന സിപിഐഎം, ഇന്നലെ മുതിർന്ന നേതാവ് പി ബി ഹർഷകുമാർ നടത്തിയ വിമർശനത്തിൽ മറുപടി പറഞ്ഞില്ല. ഹർഷകുമാർ പരാമർശം നടത്തി ഇത്ര നേരമായിട്ടും വിശദാംശങ്ങൾ അറിയില്ല എന്നാണ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞത്. കുറ്റബോധം കൊണ്ടാണ് നവീൻ ബാബു ആത്മഹത്യ ചെയ്തത് എന്നും പപി ദിവ്യ തെറ്റുകാരി അല്ലെന്നുമായിരുന്നു ഹർഷകുമാറിന്റെ പരാമർശം.
