മോഡലിംഗിന്റെ മറവിലെ സെക്സ് റാക്കറ്റ് കേസിൽ ഗുണ്ടാ നേതാവ് ഔറംഗസേബ് ഭീഷണിപ്പെടുത്തുന്നു എന്ന പരാതിയുമായി പരാതിക്കാരി. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് യുവതി പരാതി നൽകി. അതിനിടെ പ്രതി സിന്ധുവുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്ന് ഔറംഗസേബ് ബിഗ് ടിവിയോട് പറഞ്ഞു. സിന്ധുവിന്റെ ആശുപത്രി ആവശ്യങ്ങൾക്കാണ് പണം നൽകിയത് എന്നും ഔറംഗസേബ് വ്യക്തമാക്കി.
കേസിലെ പ്രതികളായ അലീന, സിന്ധു എന്നിവർക്ക് വേണ്ടി ഗുണ്ടാ നേതാവ് ഔറംഗസേബ് ഭീഷണിപ്പെടുത്തുന്നു എന്നാണ് യുവതിയുടെ പരാതി. സെക്സ് റാക്കറ്റിനെതിരെയുള്ള പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയുടെ സുഹൃത്തിന്റെ ഫോണിലേക്ക് ഭീഷണി സന്ദേശം അയച്ചു എന്നാണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിലുള്ളത്. പരാതിയിൽ സൈബർ പൊലീസ് അന്വേഷണം തുടങ്ങി.
അതിനിടെ കേസിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി ഔറംഗസേബും രംഗത്തെത്തി. പ്രതി സിന്ധുവുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നും സിന്ധുവിന്റെ ചികിത്സാ ചിലവിനായാണ് പണം നൽകിയത് എന്നും ഔറംഗസേബ് പറഞ്ഞു. പ്രതിയായ അലീന ആരെയും വിദേശത്തേക്ക് കൊണ്ടുപോയിട്ടില്ല എന്നും ഔറംഗസേബ് വ്യക്തമാക്കി. അതേസമയം പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കത്തിലാണ് പൊലീസ്.
