ഏറ്റവും അധികം താരങ്ങൾ മത്സരിച്ച നിയമസഭാ തെരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. മൂന്ന് മുന്നണികളും താരങ്ങളെ ഇറക്കിയെങ്കിലും വിജയിച്ച് കയറിയത് യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടി മാത്രം. കന്നിയങ്കത്തിലെ വിജയത്തിൽ യുഡിഎഫിനും ഇരട്ടിമധുരമാണുള്ളത്.
ഏറ്റവും കൂടുതൽ താരങ്ങളെ മത്സരത്തിനയച്ചത് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയാണ്. രണ്ട് താരങ്ങളെ വീതം എൽഡിഎഫും ഒരാളെ യുഡിഎഫും മത്സരാർഥികളായി തെരഞ്ഞെടുപ്പ് ഗോദയിലിറക്കി. എൽഡിഎഫിന്റെ സുധീർ കരമനയും എൻഡിഎയുടെ അഖിൽ മാരാരും അഞ്ജലി നായരും തോറ്റു. ബിജെപി വലിയ പ്രതീക്ഷ വെച്ചിരുന്ന മണ്ഡലത്തിൽ വിവാദങ്ങൾ പലതുമുണ്ടായെങ്കിലും 13,147 വോട്ട് ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സിറ്റിംഗ് മണ്ഡലം പിഷാരടി നിലനിർത്തിയത്. സ്റ്റേജ് ഷോകളും സിനിമകളും പരമാവധി കുറച്ച് മണ്ഡലത്തിൽ തന്നെ താനുണ്ടാകും എന്നാണ് രമേഷ് പിഷാരടി പറയുന്നത്.
പിഷാരടിക്കെതിരെ തെരഞ്ഞെടുപ്പിന്റെ പല ഘട്ടങ്ങളിലും ആഞ്ഞടിച്ച അഖിൽ മാരാർ 33,902 വോട്ടിന് തൃക്കാക്കരയിൽ തോറ്റമ്പി. ട്വൻ്റി 20 എൻഡിഎയുടെ ഭാഗമായത് പെട്ടന്നാണ് എന്നും പല ട്വൻ്റി 20 പ്രവർത്തകരും പ്രചാരണത്തിന് ഇറങ്ങിയില്ലെന്നുമാണ് അഖിൽ മാരാറുടെ വാദം. പിണറായി വിരുദ്ധത എല്ലാ മണ്ഡലത്തിലും യുഡിഎഫിന് അനുകൂലമായെന്നും അഖിൽ മാരാർ അഭിപ്രായപ്പെടുന്നു.
പ്രചാരണ ഘട്ടങ്ങളിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്ന തൃപ്പൂണിത്തുറയിലെ എൻ ഡി എ സ്ഥാനാർഥി നടി അഞ്ജലി നായർക്കും തെരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാക്കാനായില്ല. ജയം ഉറപ്പിച്ച സ്ഥലത്താണ് തരംഗം പ്രതിഫലിച്ചത് എന്ന് അജ്ഞലി നായർ പറയുന്നു. ബിജെപി പ്രവർത്തകർ തന്ന പിന്തുണ എടുത്ത് പറയേണ്ടതാണ് എന്നും അജ്ഞലി വ്യക്തമാക്കി.
യുഡിഎഫ് അനുകൂല സാഹചര്യവും പ്രതികരണങ്ങളിലെ രാഷ്ട്രീയ പക്വതയും രമേഷ് പിഷാരടിയെ പിന്തുണച്ചെന്നാണ് വിലയിരുത്തൽ.
