സിപിഎം മലപ്പുറം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം.എ വിജയരാഘവനും എം സ്വരാജിനുമെതിരെ യാണ് അംഗങ്ങൾ ആഞ്ഞടിച്ചത്.എ വിജയരാഘവൻ കൂടി പങ്കെടുത്ത യോഗത്തിലായിരുന്നു വിമർശനങ്ങൾ ഉയർന്നത്.ജില്ലയിലെ ഇടത് കോട്ടയായിരുന്ന പൊന്നാനിയിൽ സ്ഥാനാർത്ഥി നിർണ്ണയം തിരിച്ചടിയായി.എം കെ സക്കീറിനെ
പൊന്നാനിയിൽ സ്ഥാനാർഥി ആക്കിയതിന് പിന്നിൽ എ വിജയരാഘവന്റെ സ്വാർത്ഥ താൽപര്യമാണന്ന് വിജയരാഘവനെ യോഗത്തിലിരുത്തി തന്നെ അംഗങ്ങൾ വിമർശിച്ചു. നിലമ്പൂരിലേറ്റ കനത്ത തോൽവിയിലാണ് എം സ്വരാജ് വിമർശനം ഏറ്റുവാങ്ങിയത്.
ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയും നാട്ടുകാരനുമായിട്ടും എം സ്വരാജ് മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കിയില്ലന്നായിരുന്നു വിമർശനം. മുഖ്യമന്ത്രിക്ക് അല്ലാതെ വേറെ ഒരാൾക്കും മുഖം കൊടുക്കാത്തയാളായി എം സ്വരാജ് മാറിയെന്നും വിമർശനം ഉയർന്നു.
തവനൂരിൽ കെ.ടി ജലീലിന്റെ വ്യക്തിഗത വോട്ടുകൾ ചോർന്നത് പാർട്ടി വോട്ടുകളാണന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. തവനൂരിൽ പാർട്ടി അംഗങ്ങൾ പോലും പ്രചാരണത്തിന് പോകാത്ത സാഹചര്യമുണ്ടായതായും വിമർശനമുയർന്നു. പിണറായി വിജയനും എംവി ഗോവിന്ദനുമെതിരെ മലപ്പുറത്തും വിമർശനമുണ്ടായി. അതേസമയം വിമർശനങ്ങൾ മുൻ മുഖ്യമന്ത്രിയിലേക്ക് മാത്രം ചുരുങ്ങരുതെന്ന് എം സ്വരാജ് പറഞ്ഞു.സെക്രട്ടറിയേറ്റിന് പിന്നാലെ സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി യോഗങ്ങൾ ഇന്നും നാളെയുമായി നടക്കും
