സംസ്ഥാനത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് കുത്തനെ വില വർധിപ്പിച്ചതിനെതിരെ ഹോട്ടൽ മേഖല സമരത്തിലേക്ക് കടന്നു. 24 മണിക്കൂർ നീളുന്ന സമരത്തിന്റെ ഭാഗമായി ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ബേക്കറികൾ, ചെറുകിട ഭക്ഷണശാലകൾ, തട്ടുകടകൾ എന്നിവ അടച്ചിട്ടു.ഓൺലൈൻ ഭക്ഷണവിതരണ സേവനങ്ങളും പൂർണമായും നിർത്തിവച്ചു. ഹോട്ടലുകൾ അടച്ചിട്ടത് സംസ്ഥാനത്തുടനീളമുള്ള യാത്രക്കാരെയും മറ്റ് ജോലിക്കാരെയും ബാധിച്ചു.
19 കിലോ വാണിജ്യ എൽപിജി സിലിണ്ടറിന് ഒറ്റത്തവണ 993 രൂപ വർധിപ്പിച്ചത്. അതോടെ സിലിണ്ടറിന്റെ വില 3000 രൂപ കടന്നു,ഇത് ഹോട്ടൽ മേഖലയിലെ പ്രവർത്തനച്ചെലവ് വൻതോതിൽ ഉയരാൻ കാരണമായി.വിലക്കയറ്റം പിൻവലിക്കുകയോ സബ്സിഡി നൽകുകയോ ചെയ്യണമെന്നും ഇല്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്നും വ്യാപാരികൾ പറഞ്ഞു.
ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ്സ് അസോസിയേഷൻ, കേരള വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി ഏകോപനസമിതി, ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ, ഹോസ്റ്റൽ ഓണേഴ്സ് ഫെഡറേഷൻ എന്നിവയുടെ നേതൃത്വത്തിലാണ് സമരം. വിവിധ ജില്ലകളിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധ പ്രകടനങ്ങളും നടത്തി.
