കോഴിക്കോട് ജില്ലയിലെ 200-ലധികം സർക്കാർ ഡോക്ടർമാർ വിജിലൻസിന്റെ നിരീക്ഷണത്തിൽ. സർക്കാർ സേവനത്തിലിരിക്കെ അനധികൃതമായി സ്വകാര്യ പ്രാക്ടീസ് നടത്തുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം ശക്തമാക്കിയിരിക്കുന്നത്.മെഡിക്കൽ കോളജുകളിലെയും മറ്റ് സർക്കാർ ആശുപത്രികളിലെയും ഡോക്ടർമാരാണ് വിജിലൻസിന്റെ നിരീക്ഷണ പട്ടികയിലുള്ളത്. ആറുമാസത്തോളമായി നടത്തിയ രഹസ്യ നിരീക്ഷണത്തിനും വിവരശേഖരണത്തിനും ശേഷമാണ് കോഴിക്കോട് വിജിലൻസ് ഡിവൈഎസ്പി കെ.കെ. ബിജുവിന്റെ നേതൃത്വത്തിൽ 200-ലധികം ഡോക്ടർമാരുടെ പട്ടിക തയ്യാറാക്കിയത്.
നിലവിലെ ചട്ടപ്രകാരം സർക്കാർ മെഡിക്കൽ കോളജുകളിലെ ഡോക്ടർമാർക്ക് പ്രത്യേക സാഹചര്യങ്ങളിൽ മെഡിക്കൽ കോളജിൽ നിന്ന് എട്ട് കിലോമീറ്റർ പരിധിക്കുള്ളിൽ രോഗികളെ പരിശോധിക്കാൻ അനുമതിയുണ്ട്. എന്നാൽ പരിശോധിക്കുന്നവർ മെഡിക്കൽ കോളജിൽ ചികിത്സ തേടുന്ന രോഗികളാകരുതെന്ന നിബന്ധനയും നിലവിലുണ്ട്. ഈ ഇളവുകൾ മറയാക്കി ചില ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തുന്നുണ്ടെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലുള്ള മെഡിക്കൽ കോളജുകളിലെയും ഡെന്റൽ കോളജുകളിലെയും ഡോക്ടർമാർക്ക് അടിസ്ഥാന ശമ്പളത്തിന്റെ 25 ശതമാനവും അനുബന്ധ ഡി.എയും ഉൾപ്പെടുത്തി നോൺ-പ്രാക്ടീസ് അലവൻസ് ലഭിക്കുന്നുണ്ട്. സ്വകാര്യ പ്രാക്ടീസ് നടത്തില്ലെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് ഈ ആനുകൂല്യം അനുവദിക്കുന്നത്. എന്നാൽ ഈ തുക കൈപ്പറ്റിക്കൊണ്ടുതന്നെ ചിലർ സ്വകാര്യ ചികിത്സ നടത്തുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഇതിനുപുറമെ സർക്കാർ മെഡിക്കൽ കോളജുകളിലെ ചില ഡോക്ടർമാർ കൃത്യമായി ജോലിസ്ഥലത്ത് ഹാജരാകാതെ ഹാജർ രേഖകളിൽ കൃത്രിമം നടത്തുന്നതായുള്ള പരാതികളും വിജിലൻസ് പരിശോധിക്കുന്നുണ്ട്. ഇതുസംബന്ധിച്ച വിവരശേഖരണവും തെളിവെടുപ്പും പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.അന്വേഷണ റിപ്പോർട്ട് പൂർത്തിയായ ശേഷം തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറാനാണ് വിജിലൻസിന്റെ തീരുമാനം. സർക്കാർ സേവന വ്യവസ്ഥകൾ ലംഘിച്ചെന്ന് തെളിഞ്ഞാൽ വകുപ്പ് തല നടപടികൾക്കും നിയമനടപടികൾക്കും സാധ്യതയുണ്ട്.
