നിർമാണം നടക്കുന്ന ദേശീയപാത 66-ൽ വീണ്ടും വിള്ളൽ. കാവനാട് ആൽത്തറമൂട് മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡിൽ ചെപ്പള്ളിമുക്ക് ഭാഗത്താണ് നൂറുമീറ്ററോളം ദൂരത്തിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടത്. തിങ്കളാഴ്ച രാവിലെ പ്രഭാതസവാരിക്കിറങ്ങിയവരാണ് വിള്ളൽ കണ്ടത്. തുടർന്ന് കോർപ്പറേഷൻ കൗൺസിലർ ദീപു ഗംഗാധരനെ വിവരംഅറിയിക്കുകയായിരുന്നു. വിള്ളൽ വീണ ഭാഗത്ത് ഇന്നലെ കൂടുതൽ വീണ്ടുകീറുകയും ചെയ്തു. ഇവിടെ ടാറും മണലും ഉപയോഗിച്ച് താത്കാലിക പരിഹാരം കാണാൻ നിർമ്മാണ കമ്പനിയായ ശിവാലയ കൺസ്ട്രക്ഷൻസ് ശ്രമിച്ചെങ്കിലും നാട്ടുകാർ തടഞ്ഞു.
ഏഴിലധികം തുരുത്തുകൾ ഉൾപ്പെടുന്ന മേഖലയിലാണ് മേൽപ്പാല നിർമാണം നടക്കുന്നത്. ആവശ്യമായ പരിസ്ഥിതി-ശാസ്ത്രീയ പഠനങ്ങൾ നടത്താതെയാണ് ഇവിടെ മണ്ണിട്ട് ഉയർത്തി പാത നിർമിച്ചതെന്നാണ് നാട്ടുകാരുടെയും കൗൺസിലറുടെയും ആരോപണം. ടാർ ചെയ്യുന്നതിന് മുമ്പ് തന്നെ ഇതേ ഭാഗത്ത് ആർഇ വാൾ പുറത്തേക്ക് തള്ളി വന്നിരുന്നുവെന്നും അന്ന് തന്നെ എലിവേറ്റഡ് ഹൈവേ വേണമെന്ന ആവശ്യം ഉയർന്നിരുന്നുവെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.ശാസ്ത്രീയ പരിശോധന നടത്താതെ ഇനി നിർമാണ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്.സംഭവത്തിൽ കൗൺസിലർ ജില്ലാ കലക്ടർക്ക് പരാതി നൽകിയതിനെ തുടർന്ന് വിള്ളൽ ഉണ്ടായ ഭാഗത്ത് പരിശോധന നടത്താൻ നിർമാണ കമ്പനിയ്ക്ക് കലക്ടർ നിർദ്ദേശം നൽകി. നിലവിൽ ഇതുവഴി വാഹന ഗതാഗതമില്ലെങ്കിലും, ഗതാഗതത്തിന് തുറന്നാൽ വീണ്ടും റോഡ് ഇടിയുമോയെന്ന ആശങ്കയും ജനങ്ങൾ പങ്കുവെക്കുന്നു.
