കായികതാരങ്ങൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൊല്ലം ഇൻഡോർ സ്റ്റേഡിയം അടുത്തിടെ തുറക്കാനാവില്ലെന്ന സൂചന. സ്റ്റേഡിയത്തിനുള്ളിൽ നിലത്ത് പാകാനുള്ള മേപ്പിൾ തടി ലഭ്യതയിൽ അനിശ്ചിതത്വം തുടരുന്നതാണ് പ്രധാന കാരണം. കുറഞ്ഞത് ആറുമാസം കൂടി വൈകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
ഒളിമ്പ്യൻ സുരേഷ് ബാബു വിൻ്റെ പേരിലാണ് കൊല്ലം പീരങ്കി മൈതാനത്ത് ഇൻഡോർ സ്റ്റേഡിയം നിർമിക്കുന്നത്. 42.72 കോടി രൂപ കിഫ്ബി യിൽനിന്ന് ഇതിനായി അനുവദിക്കുകയും ചെയ്തു. 12 ബാഡ്മിന്റൺ കോർട്ടുകൾ, മൂന്ന് വോളിബോൾ കോർട്ടുകൾ, രണ്ട് ബാസ്കറ്റ്ബോൾ കോർട്ട്, ഒരു ഹാൻഡ്‌ബോൾ കോർട്ട്, ബേസ്‌ബോൾ പരിശീലനത്തിനുള്ള രണ്ട് കോർട്ടുകൾ എന്നിവ ഉൾപ്പെട്ടതാണ് സ്റ്റേഡിയം.
ടേബിൾ ടെന്നീസ്, നെറ്റ്ബോൾ, കബഡി, ഖോ-ഖോ എന്നിവ പരിശീലിക്കാനും സൗകര്യമുണ്ട്. രണ്ടായിരം പേർക്ക് ഇരിക്കാവുന്ന വിധത്തിലുള്ള ഗാലറി, ആൺകുട്ടികൾക്ക് ഹോസ്റ്റൽ, സ്റ്റേഡിയത്തിലെ നീന്തൽക്കുളം നവീകരണം എന്നിവയും പദ്ധതിയിൽ ഉൾപ്പെട്ടിരുന്നു. 2021 ഫെബ്രുവരി 20-ന് അന്നത്തെ കായികമന്ത്രി ഇ.പി. ജയരാജൻ ഓൺലൈനായാണ് സ്റ്റേഡിയ നിർമാണം ഉദ്ഘാടനം ചെയ്തത്. 2024 ഡിസംബറിൽ പണി പൂർത്തിയായി തുറന്നു നൽകുമെന്നായിരുന്നു അധികൃതർ നൽകിയ ഉറപ്പ്. എന്നാൽ വർഷം രണ്ട് കഴിഞ്ഞിട്ടും സ്റ്റേഡിയം അടഞ്ഞു കിടക്കുകയാണ്.
സ്റ്റേഡിയം നിർമാണം പൂർത്തിയാകുന്നതോടെ കായികതാരങ്ങൾക്ക് കൊല്ലത്ത് മെച്ചപ്പെട്ട പരിശീലനസൗകര്യം ലഭ്യമാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. സ്റ്റേഡിയത്തിലെ വൈദ്യു തീകരണ ജോലികൾ പൂർത്തിയായി.മേൽക്കൂര നിർമാണം നടന്നുകൊണ്ടിരിക്കുകയാണ്. യു.എസിൽനിന്നാണ് നിലത്ത് പാകാനുള്ള മേപ്പിൾത്തടികൾ എത്തിക്കേണ്ടത്. എന്നാൽ ഇതിനുള്ള ടെൻഡർ നടപടികൾപോലും ഇനിയും പൂർത്തിയാക്കിയിരുന്നില്ല. തടി എത്തി ക്കാൻ സമയബദ്ധമായി നടപടികൾ സ്വീകരിക്കാത്തതാണ് പണികൾ തടസ്സപ്പെടുത്തുന്നത്.
