നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ കാരണത്തെ ചൊല്ലി സി.പി.ഐയിൽ വീണ്ടും വിഭാഗീയ പോര് ശക്തമാകുന്നു. പാർട്ടിയുടെ ശക്തികേന്ദ്രമായ കൊല്ലത്ത് സംസ്ഥാന നേതൃത്വവും ജില്ലാ നേതൃത്വവും തമ്മിലുള്ള ഭിന്നത പരസ്യ ഏറ്റുമുട്ടലിലേക്ക് നീങ്ങുന്ന സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്.സ്ഥാനാർഥികളെ കെട്ടിയിറക്കിയ സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടണമെന്ന് ആവശ്യമുയർന്നതാണ് പോരിൻ്റെ തുടക്കം.കൊല്ലം ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്ന ആവശ്യം ഒരു വിഭാഗം യോഗങ്ങളിൽ ഉയർത്തി.പാർട്ടിയിലെ വിഭാഗീയതയുടെ കേന്ദ്രബിന്ദു കൊല്ലം ജില്ലാ കമ്മിറ്റിയാണെന്ന വിമർശനവും സംസ്ഥാന നേതൃത്വത്തിലെ ചിലർ ഉന്നയിച്ചു.
ഇന്ത്യയിൽ സിപിഐയ്ക്ക് ഏറ്റവും കൂ ടുതൽ അംഗത്വമുള്ള കൊല്ലം ജില്ലാ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയുമാണ് പരസ്പരം തോൽവിയിൽ പഴിചാരുന്നത്.നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ കാരണ൦ സംസ്ഥാന നേതൃത്വമെന്നും, പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് പിരിച്ച് വിടണമെന്ന വിമർശനങ്ങളെയും ചൊല്ലിയാണ് സി.പി.ഐ.യിൽ സംസ്ഥാന-ജില്ലാ നേതൃത്വങ്ങൾ തമ്മിൽ പോര് തുടങ്ങിയത്. സംസ്ഥാന നേതൃത്വത്തിന് എതിരെ പിന്നീട് മണ്ഡലം കമ്മറ്റികളിൽ നിന്നും വിമർശനം ഉയർന്നു. എന്നാൽ ബോധപൂർവം മണ്ഡലം കമ്മിറ്റികളെക്കൊണ്ട് ഈ ആവശ്യം ഉന്നയിപ്പിച്ചെന്നാണ് പഴയ കാനം പക്ഷ നേതാക്കളുടെ വാദം.സംസ്ഥാന കമ്മിറ്റി എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കുന്നില്ലെന്നും മൂന്നുതവണ മത്സരിച്ച നേതാക്കൾ മത്സരിക്കാതെ മാറി നിൽക്കണമെന്ന സംസ്ഥാന സെൻറർ തീരുമാനം അട്ടിമറിക്കാൻ കൊല്ലത്ത് ജില്ല നേതൃത്വത്തിൻ്റെ അറിവോടെ ക്യാമ്പയിൻനടന്നുവെന്നുമാണ് കാനം വിഭാഗത്തിൻ്റെ ആരോപണം.എന്നാൽ സംസ്ഥാന നേതൃത്വം ഏകാധിപതികളെ പോലെ തീരുമാനം എടുക്കുന്നുവെന്നാണ് മറുവിഭാഗത്തിൻ്റെ വാദം . സംസ്ഥാനനേതൃത്തിന് എതിരെയുള്ള വിമർശനങ്ങളും സംസ്ഥാന സെക്രട്ടേറിയേറ്റ് പിരിച്ച് വിടണമെന്ന ആവശ്യവും ജില്ലാ നേതൃയോഗത്തിൽ രേഖയാക്കി അവതരിപ്പിക്കാനാണ് നിലവിൽ കാനം വിരുദ്ധ ചേരിയുടെ തീരുമാനം. പ്രശ്‌ന പരിഹാരത്തിന് മുതിർന്ന നേതാക്കളും ഇടപെടാൻ തയ്യാറാകാത്തതും ചേരി തിരിഞ്ഞുള്ള പോര് രൂക്ഷമാകാൻ ഇടയുണ്ട്.
