സംസ്ഥാനത്ത് ഇന്ന് 16 പേർക്ക് പാമ്പ് കടിയേറ്റതായി റിപ്പോർട്ട്. ആറു പേർ കടിയേറ്റെന്ന സംശയത്തിലും ചികിത്സ തേടി. ആലപ്പുഴയിൽ പാമ്പുകടിയേറ്റ യുവതിയും കാസർഗോഡ് നാലര വയസ്സുള്ള കുഞ്ഞും ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുന്നു.
ചൂട് കനക്കുന്നതിനോടൊപ്പം പാമ്പുകടി കേസുകളിലും വർധനവ് രേഖപ്പെടുത്തി. പാമ്പുകടിയേൽക്കുന്നവരുടെ എണ്ണത്തിലും വർധനവ്.കോഴിക്കോട് ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ പാമ്പുകടി റിപ്പോർട്ട് ചെയ്തത്. മൂന്ന് പേർക്കാണ് പാമ്പുകടിയേറ്റത്. 2 പേർ പാമ്പുകടിയെന്ന സംശയത്തിലും ചികിത്സ തേടി. ആലപ്പുഴ, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിൽ 2 പേർക്ക് വീതം പാമ്പുകടിയേറ്റു. കൊല്ലം, പാലക്കാട്, തൃശ്ശൂർ, വയനാട്, കോട്ടയം ജില്ലകളിൽ ഒരാൾ വീതം ചികിത്സതേടി. കടിയേറ്റെന്ന സംശയത്തിൽ 6 പേരാണ് ആശുപത്രികളിൽ എത്തിയത്.
108 ആംബുലൻസ് സേവനം ഉപയോഗിച്ച് എത്തുന്നതിനാൽ എല്ലാവരെയും ആന്റിവെനം സൗകര്യമുള്ള ആശുപത്രിയിലാണ് എത്തിക്കുന്നത്. ആലപ്പുഴ ചേർത്തല മായിത്തറ സ്വദേശി സാന്ദ്ര വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. കാസർഗോഡ് എളേരിത്തട്ട് സ്വദേശിയായ നാലര വയസ്സുള്ള കുഞ്ഞ് മൂർഖൻ പാമ്പിന്റെ കടിയേറ്റ് ഐസിയുവിൽ ചികിത്സയിലാണ്.
സംസ്ഥാനത്ത് പാമ്പുകടി കേസുകൾ വർധിച്ചതിനെ തുടർന്ന് ജാഗ്രത നിർദ്ദേശം നൽകി. എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ആന്റിവെനം ഉറപ്പാക്കാനും ഡോക്ടർമാരുടെ സാന്നിധ്യം ശക്തമാക്കാനും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി.
