ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ഒ.ജി. ബിജുവിന്റെ സ്ഥലംമാറ്റത്തിന് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ അനുമതി. പകരം പി. എസ്. ശാന്തകുമാറിനെ എക്സിക്യൂട്ടീവ് ഓഫീസറായി നിയമിക്കാനും കോടതി അനുമതി നൽകി. ദേവസ്വം ബോർഡിന്റെ അപേക്ഷ പരിഗണിച്ചാണ് ഉത്തരവ്.ഒ.ജി. ബിജുവിന് ശബരിമലയിൽ ദീർഘകാലം ചുമതല നൽകിയതിനെ നേരത്തെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ബിജുവിന് നീണ്ട സേവനകാലാവധി നൽകാൻ എന്ത് പ്രത്യേക വൈദഗ്ധ്യമാണുള്ളതെന്നും, കോടതിയുടെ മുൻകൂർ അനുമതിയില്ലാതെയാണ് ദീർഘകാല നിയമനം നൽകിയതെന്നും ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.
ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, വിജിലൻസ് ഓഫീസർ, ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ തുടങ്ങി വിവിധ തസ്തികകളിൽ ഒ.ജി. ബിജു ദീർഘകാലം തുടരുന്നതും കോടതി ചോദ്യം ചെയ്തിരുന്നു.അതേസമയം, പുതിയ എക്സിക്യൂട്ടീവ് ഓഫീസറായി നിയമിക്കപ്പെട്ട പി. എസ്. ശാന്തകുമാറിനെതിരെ പ്രതികൂല വിജിലൻസ് റിപ്പോർട്ടുകളൊന്നുമില്ലെന്ന് കോടതി രേഖപ്പെടുത്തി. ഇതോടെയാണ് ശാന്തകുമാറിന് ചുമതലയേൽക്കാൻ ദേവസ്വം ബെഞ്ച് അനുമതി നൽകിയത്.
