വടകര കാഫിർ സ്ക്രീൻഷോട്ട് കേസിലെ പുനരന്വേഷണം നിർണായക ഘട്ടത്തിലേക്ക് കടക്കുന്നതായി പ്രത്യേക അന്വേഷണസംഘം. വിവാദ സ്ക്രീൻഷോട്ടിന്റെ യഥാർത്ഥ ഉറവിടം ഉടൻ കണ്ടെത്താനാകുമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. കേസിൽ ഇതുവരെ ശേഖരിച്ച വിവരങ്ങളും ഡിജിറ്റൽ തെളിവുകളും അടിസ്ഥാനമാക്കി അന്വേഷണം ശരിയായ ദിശയിലാണെന്നാണ് എസ്ഐടി വ്യക്തമാക്കുന്നത്.കാഫിർ സ്ക്രീൻ ഷോട്ട് കേസിലെ പോലീസ് അന്വേഷണത്തിൽ അന്വേഷണം നിലച്ചത് ഡിവൈഎഫ്ഐ വടകര മുൻ പ്രസിഡൻ്റ് റിബേഷിലായിരുന്നു.റെഡ് എൻകൗണ്ടർ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റിട്ടത് റിബേഷായിരുന്നു,എന്നാൽ ഫോർവേഡഡ് മെസേജായാണ് റിബേഷ് ഗ്രൂപ്പിൽ സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തത്.റിബേഷിന് സ്ക്രീൻഷോട്ട് എവിടെ നിന്ന് ലഭിച്ചുവെന്ന് കണ്ടെത്താൻ കഴിഞ്ഞില്ലെന്നായിരുന്നു പോലീസ് വിശദീകരണം.
”വടകര സ്ക്വാഡ്” എന്ന ഗ്രൂപ്പിൽ നിന്നാണ് റിബേഷിന് പോസ്റ്റ് ലഭിച്ചതെന്ന് എസ്ഐടി ആദ്യഘട്ട അന്വേഷണത്തിൽ തന്നെ കണ്ടെത്തി. ഈ ഗ്രൂപ്പുമായി ബന്ധപ്പെട്ട് വടകരയിലെ മറ്റൊരു ഡിവൈഎഫ്ഐ നേതാവായ ജിതിൻ ഭാസ്കരനെ എസ്ഐട് ചോദ്യം ചെയ്തിരുന്നു. ജിതിന് എവിടെ നിന്നാണ് പോസ്റ്റ് ലഭിച്ചതെന്നാണ് ഇനി കണ്ടെത്തേണ്ടത്.പുനരന്വേഷണത്തിൽ ജിതിനും, റിബേഷും ഉൾപ്പെടെ നാല് പേരെയാണ് ഇതുവരെ ചോദ്യം ചെയ്തു. ഇന്ന് കേസിൽ ചോദ്യം ചെയ്യൽ നടപടികളുണ്ടായില്ല, ശാസ്ത്രീയ തെളിവ് ശേഖരണത്തിൻ്റെ ഭാഗമായി മൊബൈൽ ഫോണുകളുടെ ഇനി ലഭിക്കാനുള്ള ഫോറൻസിക് പരിശോധന ഫലം വേഗത്തിൽ ലഭ്യമാക്കാനുമാണ് എസ്ഐടിയുടെ ശ്രമം . വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാനാണ് തീരുമാനം. നിലവിലെ അന്വേഷണത്തിൽ സ്ക്രീൻഷോട്ടിൻ്റെ ഉറവിടത്തിലേക്ക് എത്താൻ കഴിയുമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ വിലയിരുത്തൽ.
