തൃശൂരിൽ ഡ്യൂട്ടി സമയത്ത് ലൈഫ് ഗാർഡുമാർ ഓഫീസിൽ മദ്യപിച്ചതിൽ അടിയന്തര റിപ്പോർട്ട് തേടി ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂർ. ഫിഷറീസ് ജില്ലാ ഓഫീസറോടാണ് റിപ്പോർട്ട് തേടിയത്. അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ കൺട്രോൾ റൂമിൽ മദ്യപിക്കുന്നതും അബോധാവസ്ഥയിൽ ഓഫീസിൽ കിടക്കുന്നതിൻ്റെയും ദൃശ്യങ്ങൾ ഇന്നലെ ബിഗ് ടിവി പുറത്തുവിട്ടിരുന്നു.
തൃശൂർ ജില്ലയിലെ അഴീക്കോട് മുതൽ ചാവക്കാട് വരെയുള്ള തീരദേശ മേഖലയെയും മത്സ്യത്തൊഴിലാളികളെയും സംരക്ഷിക്കാനുള്ള ലൈഫ് ഗാർഡുമരാണ് ഡ്യൂട്ടി സമയത്ത് മദ്യപിച്ച് ലക്കുകെട്ട് ഓഫീസിൽ കിടന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലെ ദൃശ്യങ്ങൾ ബിഗ് ടിവി പുറത്തുവിട്ടതോടെയാണ് അടിയന്തര അന്വേഷണത്തിന് ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂർ നിർദേശം നൽകിയത്. ദൃശ്യങ്ങളിലുള്ളവരുമായി ജില്ലാ ഓഫീസർ നേരിട്ട് വിശദീകരണം തേടണം. തുടർന്ന് സർക്കാരിലേക്ക് റിപ്പോർട്ട് സമർപ്പിക്കാനാണ് നീക്കം. അടിയന്തര സാഹചര്യമുണ്ടായാൽ രക്ഷാദൗത്യത്തിന് എത്തേണ്ട ഉദ്യോഗസ്ഥരുടെ മദ്യപാനത്തിൽ നടപടി വേണമെന്നാണ് മത്സ്യത്തൊഴിലാളികളുടെയും ആവശ്യം.
