25 കോടിയുടെ ട്രേഡിംഗ് ആപ്പ് തട്ടിപ്പിൽ മുഖ്യപ്രതിയായ ഹൈദരാബാദിലെ വ്യവസായി മറയാക്കിയത് സ്വന്തം തൊഴിലാളികളെയെന്ന് കണ്ടെത്തൽ. വില്ലകളുടെ നിർമാണത്തിനെത്തിയ ഇരുന്നൂറിലേറെ തൊഴിലാളികളുടെ പേരിലെടുത്ത അക്കൗണ്ടുകൾ സൈബർ മാഫിയക്ക് കൈമാറിയെന്നാണ് കണ്ടെത്തൽ. കൊച്ചി സിറ്റി സൈബർ പൊലീസിന്റെ ജാഗ്രതയോടെയുള്ള അന്വേഷണമാണ്, പിടിക്കപ്പെട്ടാൽ തൊഴിലാളികളെ കുടുക്കാനുള്ള നീക്കം പൊളിച്ചത്.
ഹൈദരാബാദിലെ കോടീശ്വരനായ വ്യവസായി സത്യ നാരായണ മൂർത്തിക്കെതിരെ നിർണായക തെളിവുകളാണ് കൊച്ചി സിറ്റി സൈബർ പൊലീസിന് ലഭിച്ചത്. മൂർത്തി തട്ടിപ്പിനായി ഉപയോഗിച്ചിരുന്ന ഇരുന്നൂറിലേറെ അക്കൗണ്ടുകളും തൊഴിലാളികളുടെ പേരിലുള്ളതാണ്. അവർക്ക് ശമ്പളം നൽകാനെന്ന പേരിൽ തുടങ്ങിയ അക്കൗണ്ടുകളുടെ നിയന്ത്രണം മൂർത്തിക്കും കൂട്ടാളി ടൈസൺ ബാബുവിനുമായിരുന്നു. പാസ്ബുക്ക്, എടിഎം കാർഡ് പാസ്‌വേർഡ് എന്നിവയെല്ലാം ടൈസൺ ബാബുവാണ് മൂർത്തിക്കായി കൈകാര്യം ചെയ്തിരുന്നത്. കൊച്ചിയിലെ ഫാർമസ്യൂട്ടിക്കൽസ് ഉടമയിൽ നിന്ന് തട്ടിയ 25 കോടിയിൽ പതിനാറും ഈ ക്കൗണ്ടുകളിലേക്കാണ് എത്തിയത്. ഇതിന് പുറമെ കോടിക്കണക്കിന് രൂപ വേറെയും അക്കൗണ്ടിലെത്തി. ഇത് രാജ്യവ്യാപകമായി നടന്ന മറ്റ് തട്ടിപ്പുകളുടെ തുടർച്ചയാണെന്നാണ് സംശയം. അന്വേഷണം ഏതെങ്കിലും ഘട്ടത്തിൽ തന്നിലേക്കെത്തിയാൽ പണവും സ്വാധീനവും ഉപയോഗിച്ച് രക്ഷപ്പെടാനായിരുന്നു മൂർത്തിയുടെ പദ്ധതി. അക്കൗണ്ട് ഉടമകൾ തൊഴിലാളികളായതിനാൽ അവരെ ബലിയാടുകളാക്കി രക്ഷപ്പെടുകയായിരുന്നു ലക്ഷ്യം.
കൊച്ചി സിറ്റി സൈബർ പൊലീസിന്റെ അന്വേഷണത്തിൽ അക്കൗണ്ടുകൾ നിയന്ത്രിക്കുന്നത് മൂർത്തിയാണെന്ന് ഉറപ്പിക്കാനായി. ടൈസൺ ബാബുവിന്റെ വെളിപ്പെടുത്തലും കൂടി ആയതോടെ മൂർത്തിയെ അറസ്റ്റ് ചെയ്തു. ഒരാഴ്ചയിലേറെയായി എറണാകുളം സബ് ജയിലിൽ കഴിയുന്ന കോടീശ്വരനായ മുതലാളിയെയും തൊഴിലാളിയെയും സൈബർ പൊലീസ് ഈ ആഴ്ച കസ്റ്റഡിയിൽ വാങ്ങും.
