പെരുമ്പാവൂരിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ രാജ്യാന്തര ലഹരി റാക്കറ്റിൽ നെടുമ്പാശേരി വിമാനത്താവളത്തിലെ ചില ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന സംശയത്തിൽ അന്വേഷണം ശക്തമാക്കി എറണാകുളം റൂറൽ പൊലീസ്. ഈ മാസം മൂന്ന് തവണയായി ബാങ്കോക്കിൽ നിന്ന് കടത്തിക്കൊണ്ടുവന്ന 30 കിലോ ഹൈബ്രിഡ് കഞ്ചാവിൽ 18 കിലോ നേരത്തെ പെരുമ്പാവൂരിൽ നിന്ന് പിടിച്ചെടുത്തിരുന്നു.
ജൂൺ 24-ന് പെരുമ്പാവൂരിലെ ആഡംബര ഫ്ലാറ്റിൽ നിന്ന് 18 കിലോ ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികൾ പിടിയിലായതോടെയാണ് റാക്കറ്റിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ഇവരില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ റാക്കറ്റിനെ കേരളത്തില്‍ നിയന്ത്രിച്ച കിങ്പിന്‍ അടക്കം അഞ്ച് പേരെ കൂടി അറസ്റ്റ് ചെയ്തു. ഹൈബ്രിഡ് ലഹരിയിടപാട് നിയന്ത്രിച്ചിരുന്ന പാലക്കാട് സ്വദേശി അബു താഹിറിനെ ബാങ്കോക്കിലേക്ക് കടക്കാന്‍ ശ്രമിക്കവെ ബെംഗളൂരുവില്‍ നിന്നാണ് പിടികൂടിയത്. അബു താഹിറിന്റെ കൂട്ടാളി ഹരികൃഷ്ണന്‍ കഞ്ചാവ് ബാങ്കോക്കില്‍ നിന്ന് കടത്തിയ കാരിയേഴ്‌സായി പ്രവര്‍ത്തിച്ച മൂന്നുപേരും പിടിയിലായി. ഇവരെ ചോദ്യം ചെയ്തതിലാണ് ലഹരിക്കടത്തിന് ഒത്താശ ചെയ്ത് നെടുമ്പാശേരി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരെ കുറിച്ച് സൂചന ലഭിച്ചത്.
ജൂണ്‍ പതിനൊന്ന്, പതിനഞ്ച്, ഇരുപത് തീയതികളിലായിരുന്നു ബാങ്കോക്കില്‍ നിന്ന് കൊച്ചിയിലേക്കുള്ള ലഹരിക്കടത്ത് നടന്നത്. പിടിയിലായ പ്രസ്ജിത്ത്, ശ്രീജേഷ്, സഞ്ജയ് എന്നിവര്‍ ലഗേജില്‍ ഒളിപ്പിച്ച് പത്ത് കിലോ വീതം ഹൈബ്രിഡ് കഞ്ചാവാണ് കടത്തിയത്. പത്ത് ദിവസത്തിനുള്ളില്‍ മൂന്ന് ദിവസങ്ങളായി നടന്ന ലഹരിക്കടത്ത് അത്യാധുനിക സ്‌കാനര്‍ പരിശോധനയിലും നൂറുകണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയിലും പിടിക്കപ്പെട്ടില്ല. ഇതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്.
പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ റാക്കറ്റിന്റെ കണ്ണികളായി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെ കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ഉദ്യോഗസ്ഥരുടെ പങ്ക് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് കസ്റ്റംസും വ്യക്തമാക്കി. പൊലീസ് നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാകും കസ്റ്റംസിന്റെ ആഭ്യന്തര അന്വേഷണം. റാക്കറ്റിന് വിദേശത്ത് നിന്ന് ലഹരിയെത്തിക്കുന്ന മലയാളിയടങ്ങുന്ന സംഘത്തെ കുറിച്ചുള്ള വിവരങ്ങളും പൊലീസിന് ലഭിച്ചു. ഇവരെ പിടികൂടാന്‍ കേന്ദ്ര ഏജന്‍സികളുടെ സഹായവും തേടും.
