മുഖ്യമന്ത്രി കസേര സംബന്ധിച്ചുള്ള പരസ്യപോരിൽ ഹൈക്കമാൻഡിന് അതൃപ്തി. പാർട്ടിക്ക് അതീതരല്ല ഒരാളുമെന്ന് ഹൈക്കമാൻഡ്. ഇതിനിടെ എംഎൽഎമാരുടെ ഭൂരിപക്ഷമാണ് നിർണായകം എന്ന് സണ്ണി ജോസഫ് പ്രതികരിച്ചു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകരുതെന്നാണ് ഘടകകക്ഷികളുടെ നിലപാട്.
45 എംഎൽഎമാരുടെ പൂർണ പിന്തുണ കെ സി വേണുഗോപാലിന് ഉണ്ടെന്ന് വ്യക്തമായതോടെയാണ് വി ഡി സതീശനായുള്ള പരസ്യപ്രകടനങ്ങൾ തെരുവിലേക്ക് ഇറങ്ങിയത്. അതുവരെ ഫ്ലക്സിലും സൈബർ ലോകത്തും നടന്നിരുന്ന പോര് തെരുവിലേക്ക് ഇറങ്ങിയതോടെ ഹൈക്കമാൻഡ് അതീവ ഗൗരവത്തോടെ ഇടപെടുകയാണ്. അസമിലെയും കർണാടകയിലെയും കാര്യങ്ങൾ ഓർമിപ്പിച്ച് കൊണ്ടാണ് ദേശീയ നേതൃത്വത്തിന്റെ ഇടപെടൽ. ദേശീയ നേതൃത്വത്തെ വെല്ലുവിളിച്ച് തെരുവിലേക്ക് ഇറങ്ങിയവരുടെ അവസ്ഥ എന്തായി എന്ന് ഓർമ വേണം. പാർട്ടിക്ക് മേലെ പോയാൽ ആരായാലും അത് അനുവദിച്ചുകൊടുക്കില്ല. വി ഡി സതീശനെ അനുകൂലിച്ചുള്ള പരസ്യ പ്രകടനങ്ങൾ അദ്ദേഹത്തിന്റെ സാധ്യതകളെ അടയ്ക്കുകയാണെന്ന് കൂടി വ്യക്തമാക്കുകയാണ് ദേശീയ നേതൃത്വം. വ്യക്തിയല്ല പാർട്ടിയാണ് വലുത്. ഹൈക്കമാൻഡ് തീരുമാനിക്കുന്നത് അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. പാർലമെന്ററി പാർട്ടി യോഗത്തിലെ തീരുമാനം നിർണായകമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
അതേസമയം, ജനവികാരം പരസ്യപ്പെടുത്തുന്നതിനോടൊപ്പം ഘടകകക്ഷികളെയും ഒപ്പം കൂട്ടി സമ്മർദം ശക്തമാക്കാനാണ് വി ഡി സതീശൻ ക്യാംപ് ആലോചിക്കുന്നത്. ഘടകകക്ഷികളെ നേരിൽ കണ്ടത് ജനാധിപത്യ മര്യാദ അനുസരിച്ചാണെന്നും അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേതായിരിക്കും എന്നുമാണ് നിരീക്ഷകർ വ്യക്തമാക്കിയത്,. ഇതിനോട് യോജിച്ച ഘടകകക്ഷികൾ അവരുടെ നിലപാട് പറയുകയും തീരുമാനം എന്തായാലും അംഗീകരിക്കും എന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.
വി ഡി സതീശനും കെ സി വേണുഗോപാലും തമ്മിലുള്ള തർക്കത്തിൽ സമവായ മുഖ്യമന്ത്രിയായി എത്താം എന്നുള്ള രമേശ് ചെന്നിത്തലയുടെ പ്രതീക്ഷകളും അസ്ഥാനത്താക്കുകയാണ്. അപ്പോഴും പിന്മാറ്റം ഇല്ലെന്നാണ് കെ സി വേണുഗോപാൽ ക്യാംപ് വ്യക്തമാക്കുന്നത്.
