നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച സംഭവത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി വി ഡി സതീശൻ. പുതിയ എസ് ഐ ടി കേസ് അന്വേഷിക്കും. പ്രഖ്യാപനത്തിൽ സന്തോഷമുണ്ടന്നും ആക്രമണത്തിൽ ഇരയായ പലരും കട്ടിലിൽ നിന്ന് എണീക്കാൻ പോലും പറ്റാത്ത സ്ഥിതിയിലാണന്നും എംഎൽഎ എ ഡി തോമസും അജയ് ജുവൽ കുര്യാക്കോസും ബിഗ് ടിവിയോട് പറഞ്ഞു.
2023ലെ നവകേരള യാത്ര അത്ര എളുപ്പത്തിൽ ആർക്കും മറക്കാനാകില്ല. പ്രത്യേകിച്ച് കോൺഗ്രസുകാർക്ക്. ആലപ്പുഴയിലും കണ്ണൂരിലും പ്രതിഷേധിച്ച യൂത്ത് കോൺ കോൺഗ്രസ് പ്രവർത്തകരെ വാഹനത്തിൽ നിന്നിറങ്ങി തല്ലാൻ മുന്നിൽ നിന്നത് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ ആയിരുന്നു. വിവാദത്തിൽ രക്ഷയില്ലാതെ വന്നപ്പോൾ മുഖ്യനതിനെ രക്ഷാപ്രവർത്തനം എന്ന് പേരിട്ട് വിളിച്ചു. പരാതി നൽകിയപ്പോൾ അന്വേഷണം നടത്തിയത് അതേ മുഖ്യമന്ത്രിയുടെ കീഴിലെ പൊലീസായതിനാൽ അന്വേഷണ റിപ്പോർട്ടിൽ തെളിവില്ലായിരുന്നു. ഒടുവിൽ പരാതിക്കാർ കോടതിയിൽ അഭയം പ്രാപിച്ചു. പുനരന്വേഷണം നടത്താൻ ആലപ്പുഴ മജിസ്ട്രേറ്റ് കോടതി 2024 നവംബർ എട്ടിന് ഉത്തരവിട്ടു. എൽഡിഎഫ് സർക്കാർ ഉത്തരവും അന്വേഷണവും എല്ലാം മറന്നതായി ഭാവിച്ചു. പക്ഷേ ദേഹം മുറിഞ്ഞ് ചോരയൊലിച്ച പ്രവർത്തകരും അവരുടെ കുടുംബവും അവരുടെ പാർട്ടിയും അത് കണ്ടുനിന്ന നാട്ടുകാരും ഒന്നും മറന്നില്ല. അവർ ആ സർക്കാരിനെ തോൽപ്പിച്ചു. അന്ന് ക്രൂരമർദനമേറ്റ് വാങ്ങിയ എ ഡി തോമസിനെ ആലപ്പുഴക്കാർ ജയിപ്പിച്ച് എംഎൽഎയാക്കി.
പുതിയ എസ് ഐ ടി സംഘം എത്തുന്നതോടെ സംഭവത്തിന്റെ വിവിധ ദൃശ്യങ്ങൾ, സാക്ഷിമൊഴികൾ, മുമ്പ് ശേഖരിച്ച തെളിവുകൾ എന്നിവ വീണ്ടും പരിശോധിക്കും. സുരക്ഷാ ഉദ്യോഗസ്ഥർ തങ്ങളുടെ പരിധി ലംഘിച്ചോ എന്നും ഗുരുതരമായി പരിക്കേൽപ്പിക്കാൻ മനഃപൂർവം ശ്രമിച്ചോ എന്നതും സംഘം അന്വേഷിക്കും.
