നിയമക്കുരുക്കിലും ഭൂമിതർക്കത്തിലും പതിറ്റാണ്ടുകളായി കുടുങ്ങിക്കിടന്ന മലയിടംതുരുത്ത് പാര്യത്തുകാവിലെ ഏഴ് കുടുംബങ്ങൾക്ക് ആശ്വാസം. കുടുംബങ്ങൾക്കായി നിർമ്മിക്കുന്ന വീടുകളുടെ തറക്കല്ലിടൽ ജൂലൈ 16ന് മന്ത്രി റോജി എം. ജോൺ നിർവഹിക്കും. സ്പോൺസർഷിപ്പ് അടിസ്ഥാനത്തിൽ നിർമ്മിക്കുന്ന വീടുകൾ ഒരു വർഷത്തിനകം പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.അര നൂറ്റാണ്ടിലേറെ നീണ്ട ഭൂമിതർക്കത്തിനൊടുവിലാണ് സർക്കാർ ഇടപെടലിലൂടെ പ്രശ്നപരിഹാരത്തിന് വഴിയൊരുങ്ങിയത്. കോടതി നിർദേശപ്രകാരം നടന്ന കുടിയൊഴിപ്പിക്കൽ നടപടിക്കിടെ സംഘർഷാവസ്ഥ രൂപപ്പെട്ടതിനെ തുടർന്നാണ് സർക്കാർ ചർച്ചകൾക്ക് നേതൃത്വം നൽകിയത്.
തുടർന്ന് നടന്ന സമവായ ചർച്ചകളിൽ ഭൂവുടമയും കുടുംബങ്ങളും ധാരണയിലെത്തി. നിലവിൽ താമസിക്കുന്ന സ്ഥലത്ത് ഓരോ കുടുംബത്തിനും അഞ്ച് സെന്റ് വീതം ഭൂമി നൽകാൻ തീരുമാനിച്ചു. ഈ ഭൂമിയിലാണ് ഏഴ് കുടുംബങ്ങൾക്കായി പുതിയ വീടുകൾ നിർമ്മിക്കുന്നത്.വീടുകൾ പൂർത്തിയാകുന്നതുവരെ കുടുംബങ്ങൾ നിലവിലെ താമസസ്ഥലത്ത് തന്നെ തുടരും. ഭൂമിതർക്കവുമായി ബന്ധപ്പെട്ട് മുൻകാലങ്ങളിൽ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകൾ നിയമപരമായി പിൻവലിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
