കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതില്‍ അനിശ്ചിതത്വം തുടരാന്‍ കാരണം മുന്നണിയിലെ ഘടകക്ഷികളുടെ സമ്മര്‍ദ്ദങ്ങളാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള കക്ഷികളുടെ നിലപാടുകളാണ് തീരുമാനത്തെ സങ്കീര്‍ണമാക്കുന്നതെന്നും ചര്‍ച്ചകള്‍ക്ക് ശേഷമേ അന്തിമ പ്രഖ്യാപനം ഉണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു.ഹൈക്കമാന്‍ഡ് അഭിപ്രായം തേടുന്നതിന് മുന്‍പുതന്നെ ലീഗ് അടക്കമുള്ളവര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഹൈക്കമാന്‍ഡിന് അഭിപ്രായം തേടേണ്ടി വന്നത്. എന്നാല്‍ ഘടകകക്ഷികളുടെ സമ്മര്‍ദ്ദത്തിന് ഹൈക്കമാന്‍ഡ് വഴങ്ങി എന്ന് പറയാന്‍ കഴിയില്ല. അങ്ങനെയെങ്കില്‍ പ്രഖ്യാപനം ഇത്രയും നീളില്ലായിരുന്നു.
ഘടകകക്ഷികളുടെ ഇടപെടല്‍ ജനാധിപത്യത്തിന് ചേരുന്നതല്ല. മൂന്ന് പേര്‍ വന്നതുകൊണ്ട് അനുകൂലിക്കാനോ എതിര്‍ക്കാനോ പാടില്ലായിരുന്നു. ആര് വന്നാലും സ്വീകരിക്കണം. അതാണ് മര്യാദ. അതിന്റെ പേരാണ് ജനാധിപത്യം. ഘടകകക്ഷികളുടെ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ പ്രഖ്യാപനം കുറച്ചുകൂടി നേരത്തേയാകുമായിരുന്നുവെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പ് നടത്തിയാല്‍ കോണ്‍ഗ്രസിന് മുപ്പത് സീറ്റ് പോലും ലഭിക്കില്ലെന്നും സുകുമാരന്‍ നായര്‍ പരിഹസിച്ചു. അതാണ് ജനവികാരം. യാതൊരു മാന്യതയുമില്ലാത്ത പെരുമാറ്റമാണ് ഇപ്പോഴത്തേത്. യുഡിഎഫിന്റെ വലിയ വിജയം കളഞ്ഞ് കുളിച്ചു. ജനങ്ങള്‍ പൊറുതിമുട്ടി നില്‍ക്കുകയാണ്. ഇവിടെ ഒരു ഭരണമുണ്ടോ?. സ്‌കൂളുകള്‍ തുറക്കുന്ന സമയമാണ്. അതൊന്നും പരിഹരിക്കാന്‍ ആളില്ല. ഇതേപ്പറ്റിയൊന്നും അവര്‍ക്ക് ചിന്തയില്ലെന്നും സുകുമാരന്‍ നായര്‍ വിമര്‍ശിച്ചു.
