തിരുവനന്തപുരത്ത് അച്ഛനും മകനും ഗുണ്ടാസംഘത്തിന്റെ ആക്രമണം. റോഡ് ബ്ലോക്ക് ആക്കി നിന്ന സംഘത്തോട് വഴി തരാൻ പറഞ്ഞതിനായിരുന്നു മർദനം. ബിഎസ്എൻഎൽ ഉദ്യോഗസ്ഥൻ രാജേഷിനും 17കാരനായ മകനുമാണ് മർദനമേറ്റത്. മുഖ്യപ്രതി ശ്യാംകുമാർ എന്ന തകരപ്പറമ്പ് കുട്ടനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി എട്ടരയോടെ വഞ്ചിയൂരിന് സമീപം തകരപ്പറമ്പ് റോഡിൽ വച്ചാണ് അച്ഛനും മകനും മർദനമേറ്റത്. രണ്ട് പേർ ചേർന്നാണ് ആക്രമിച്ചത്. മർദനത്തിൽ രാജേഷിനും മകൻ അഭിനവിനും സാരമായി പരുക്കേറ്റിട്ടുണ്ട്.
പിന്നീട് രാത്രി വൈകി തകരപ്പറമ്പിലെ രാജേഷിന്റെ വീട്ടിന് മുന്നിലെത്തിയും ഗുണ്ടാസംഘം പ്രകോപനം ഉണ്ടാക്കി. സംഭവത്തിൽ വഞ്ചിയൂർ പൊലീസ് കേസെടുക്കാൻ വൈകിയെന്നും കുടുംബം ആരോപിക്കുന്നുണ്ട്. പിന്നീട് വട്ടിയൂർക്കാവിൽ വെച്ചാണ് പ്രതി തകരപ്പറമ്പ് കുട്ടനെ പൊലീസ് പിടികൂടിയത്. ഇയാൾക്കെതിരെ മുൻപും സമാന കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
