കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി കൊണ്ടുവരുന്ന വിദേശ മദ്യത്തിന് നിയന്ത്രണം കടുപ്പിച്ച് കസ്റ്റംസ്. അബ്കാരി നിയമവും കസ്റ്റംസ് ബാഗേജ് ചട്ടങ്ങളും ലംഘിച്ച് പരിധിയിൽ കൂടുതൽ മദ്യം വിമാനത്താവളത്തിന് പുറത്തേക്ക് കടത്തുന്നത് തടയാനാണ് കർശന നടപടി.
ഡ്യൂട്ടി ഇല്ലാതെ കൈവശം വെക്കാവുന്ന രണ്ട് ലിറ്റർ മദ്യത്തിന് മുകളിൽ കണ്ടെത്തുന്ന അധിക മദ്യം വിട്ടുകിട്ടാൻ കേരള എക്സൈസ് വകുപ്പിന്റെ പ്രത്യേക ലൈസൻസ് ഹാജരാക്കേണ്ടി വരും. നിലവിൽ രണ്ട് ലിറ്ററിലധികം മദ്യം കൊണ്ടുവരുന്ന യാത്രക്കാർ പിഴ അടച്ച ശേഷം വിമാനത്താവളത്തിന് പുറത്തേക്ക് മദ്യം കൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി.
പിഴയടച്ചാൽ പോലും എക്സൈസ് ലൈസൻസ് ഇല്ലാതെ അധിക മദ്യം പുറത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് കസ്റ്റംസ് വ്യക്തമാക്കി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എല്ലാ കസ്റ്റംസ് ഉദ്യോഗസ്ഥർക്കും ഇതുസംബന്ധിച്ച ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
