പത്തനംതിട്ട കോന്നി ആവോലിക്കുഴിയിലെ കാട്ടാനശല്യ വിഷയം ഏറ്റെടുത്ത് സിപിഐഎം. പ്രദേശത്ത് കഴിഞ്ഞ ദിവസം ആനയെ ചരിഞ്ഞനിലയിൽ കണ്ടതിൽ കർഷകരെ അറസ്റ്റ് ചെയ്യാൻ അനുവദിക്കില്ലെന്ന് സിപിഐഎം. ജനകീയ പ്രതിരോധം സംഘടിപ്പിച്ച് പ്രതിഷേധിക്കുമെന്ന് സംസ്ഥാന കമ്മിറ്റിയംഗം കെ പി ഉദയഭാനു പറഞ്ഞു.
കോന്നി ആവോലിക്കുഴിയിൽ ആന ചരിഞ്ഞത് ഷോക്ക് ഏറ്റത് കൊണ്ടാണ് എന്നാണ് വനം വകുപ്പിന്റെ കണ്ടെത്തൽ. പ്രദേശവാസിയായ സന്തോഷിനെതിരെ വനം വകുപ്പ് കേസ് എടുക്കുകയും ചെയ്തു. എന്നാൽ കെ എസ് ഇ ബി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ എന്തെങ്കിലും വീട്ടിൽ നിന്നോ വൈദ്യുതി ലൈനിൽ നിന്നോ വൈദ്യുതി എടുത്തതായി കണ്ടെത്തിയിട്ടില്ല.
കാട്ടാന ശല്യം പ്രദേശത്ത് രൂക്ഷമാണ്. കഴിഞ്ഞ ദിവസം സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞിരുന്നു. ആവോലിക്കുഴിയിലെ കാട്ടാന ശല്യത്തിൽ പരിഹാരം ആവശ്യപ്പെട്ട് കൊണ്ടാണ് വിഷയത്തിൽ സിപിഐഎം ഇടപെടുന്നത്.
കർഷകരെ ക്രൂശിക്കുന്ന നിലപാട് വനം വകുപ്പ് സ്വീകരിച്ചാൽ ശക്തമായ പ്രതിഷേധം തീർക്കുമെന്ന് സംസ്ഥാന കമ്മിറ്റിയംഗം കെ പി ഉദയഭാനു പറഞ്ഞു. ആക്ഷൻ കൗൺസിൽ രൂപീകരിച്ച് ഈ മാസം ഒമ്പതിന് ഡിഎഫ്ഒ ഓഫീസ് മാർച്ച് നടത്താനും സിപിഐഎം തീരുമാനിച്ചിട്ടുണ്ട്.
