തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ ചേർന്ന സി.പി.ഐ കുന്നത്തൂർ മണ്ഡലം കമ്മിറ്റി യോഗത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമർശനം. സ്ഥാനാർഥി നിർണയം മുതൽ പാർട്ടി പ്രവർത്തന ശൈലി വരെ നിരവധി വിഷയങ്ങളിലാണ് അംഗങ്ങൾ പ്രതിഷേധം ഉയർത്തിയത്.സ്ഥാനാർത്ഥികളെ പാർട്ടി സെക്രട്ടേറിയേറ്റ് നേരത്തെ തീരുമാനിച്ചുവെന്നും സീറ്റുകൾ സെക്രട്ടേറിയേറ്റ് അംഗങ്ങൾ വീതിച്ചെടുത്തുവെന്നും വിമർശനമുയർന്നു.സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രസംഗവും, പത്രസമ്മേളനവും സാധാരണക്കാരന് മനസിലാകാൻ തർജ്ജമയ്ക്ക് ആളെ വെക്കേണ്ട സ്ഥിതിയാണെന്നായിരുന്നു മറ്റൊരു വിമർശനം. സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി സത്യൻ മൊകേരിയുടെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റായെന്നും അംഗങ്ങൾ വിമർശിച്ചു.
സിപിഐ സംസ്ഥാന കൗൺസിൽ അംഗമായ ആർ സജിലാലിനെ 2021 ൽ ഹരിപ്പാട് മത്സരിപ്പിച്ച് ചാവേറാക്കി മാറ്റി.2026 ൽ കൊല്ലത്ത് സീറ്റ് ഉണ്ടായിട്ടും നൽകിയില്ല.ചാത്തന്നൂരിൽ ആർ സജിലാൽ ആയിരുന്നേൽ ജയിച്ചേനെയെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. അടൂർ സീറ്റിൽ സാമുദായിക പരിഗണന നോക്കണമായിരുന്നു. അടൂരിൽ പുലയ സമുദായത്തിലെ പാർട്ടി അംഗത്തിന് സീറ്റ് കൊടുത്തിരുന്നേൽ ജയിക്കാമായിരുന്നുവെന്നും അംഗങ്ങൾ പറഞ്ഞു. കുന്നത്തൂരിൽ കോവൂർ കുഞ്ഞുമോൻ എതിരായ വികാരം ഉണ്ടായിരുന്നു. അത് മനസിലാക്കാൻ ഇടതു നേതൃത്വത്തിന് കഴിഞ്ഞില്ല. കുന്നത്തൂർ സീറ്റ് സിപി ഐ ഏറ്റെടുക്കണമെന്നും മണ്ഡലം കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.ബോധപൂർവ്വമായി ചെറുപ്പക്കാരുടെ അവസരം നിഷേധിക്കുന്നുവെന്നും ഈ രീതി തുടർന്നാൽ വയോജനങ്ങളുടെ പാർട്ടിയായി സിപിഐ മാറുമെന്നും വിമർശനം ഉയർന്നു
