പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പിണറായി വിജയനെ വീണ്ടും കൊണ്ടുവരുന്നതിൽ എതിർപ്പുമായി സിപിഐ. തെരഞ്ഞെടുപ്പ് തോൽവിക്ക് നേതൃത്വം നൽകിയ വ്യക്തിയെ വീണ്ടും ഇടതിന്റെ മുഖമാക്കുന്നത് തിരിച്ചുവരവിന് തിരിച്ചടിയാകുമെന്നാണ് സിപിഐ നേതൃയോഗത്തിൽ ഉയർന്ന പ്രധാന അഭിപ്രായം.
മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെയും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെയും നിലപാടുകളാണ് ഇടതുമുന്നണിയുടെ ദയനീയ തോൽവിക്ക് കാരണമായതെന്ന വിമർശനവും യോഗത്തിൽ ശക്തമായി ഉയർന്നു.
അതേസമയം പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാനും സിപിഐ തീരുമാനിച്ചു. കെ. രാജനെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു. സിപിഐഎം പ്രതിപക്ഷ നേതൃസ്ഥാനം സിപിഐയ്ക്ക് വിട്ടുനൽകുന്ന സാഹചര്യം ഉണ്ടായാൽ കെ. രാജൻ ആ പദവിയിലേക്ക് എത്തും. കെ.കെ വത്സരാജിനെ നിയമസഭാകക്ഷി സെക്രട്ടറിയായും തെരഞ്ഞെടുത്തു.
തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണം താഴെത്തട്ടിൽ നിന്ന് പഠിക്കാനാണ് സിപിഐയുടെ തീരുമാനം. മത്സരിച്ച 25 മണ്ഡലങ്ങളിലും മണ്ഡലം കമ്മിറ്റി യോഗങ്ങൾ വിളിക്കും. സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങൾ യോഗങ്ങളിൽ പങ്കെടുക്കും. മെയ് 31നകം ചർച്ചകൾ പൂർത്തിയാക്കി തോൽവിയുടെ കാരണം സംബന്ധിച്ച റിപ്പോർട്ട് കേന്ദ്ര നേതൃത്വത്തിന് കൈമാറും.ഇതിന് പിന്നാലെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ പങ്കെടുക്കുന്ന ജില്ലാ എക്സിക്യൂട്ടീവ്, കൗൺസിൽ യോഗങ്ങളും ചേരും.
പിണറായി പ്രതിപക്ഷ നേതാവാകുന്നതിൽ സിപിഐയ്ക്ക് എതിർപ്പ്; ഉപനേതൃസ്ഥാനം ആവശ്യപ്പെടാനും തീരുമാനം
